kasaragod local

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി 'കളമൊഴിയേ കനിമലരേ'

കാഞ്ഞങ്ങാട്: കളമൊഴിയേ കനിമലരേ എന്ന ഗാനം ഇന്ന് ഹിറ്റാണ്. പാട്ടിനെ ഇഷ്ടപ്പെടുന്നവരുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന ഈ ഈരടികള്‍ പിറവിയെടുത്തത് അപ്രതീക്ഷിതമാണ്. പാട്ടെഴുത്തോ കവിതാലാപനമോ വലിയ വൈദഗ്ധ്യമൊന്നുമില്ലാത്ത സഹോദരങ്ങളുടെ കഥയാണിതിന് പിന്നില്‍. അനുജന്‍ നല്‍കിയ ഈണത്തിനൊപ്പിച്ച് ചേച്ചി വെറുതെ കുത്തിക്കുറിച്ച വരികള്‍ മാത്രമായിരുന്നു അത്.
എന്നാല്‍ പാട്ട് പുറത്തിറങ്ങിയപ്പോള്‍ കഥ മാറി. മണിക്കൂറുകള്‍ കൊണ്ട് പാട്ട് വൈറലായി. ഫേസ്ബുക്കില്‍ രണ്ടരലക്ഷത്തോളം പേരാണ് നമസ്‌തേ ഇന്ത്യ എന്ന ചിത്രത്തിലെ കളമൊഴിയേ കനിമലരേ എന്ന ഗാനം കണ്ടത്. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കര സ്വദേശികളായ അഖില്‍രാജും ഗ്രീഷ്മയുമാണ് ഈ പാട്ടിന്റെ സൃഷ്ടാക്കള്‍. സിനോവ് രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചേച്ചിയുമൊത്തുള്ള പാട്ടിന്റെ പിറവിയെക്കുറിച്ച് അഖില്‍ പറയുന്നു. ‘മൂന്നു ഗാനങ്ങള്‍ ഒരുക്കാനാണ് സംവിധായകന്‍ ആര്‍ അജയ് ആവശ്യപ്പെട്ടത്. ഇതിന്റെ സിറ്റുവേഷനും പറഞ്ഞുതന്നു. മറ്റാരേക്കാളും കൂടുതല്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആവുക എന്റെ ചേച്ചിക്കൊപ്പമിരിക്കുമ്പോഴാണ്. ഈ പാട്ടിന്റെ ട്യൂണ്‍ ആദ്യമായി ഞാന്‍ കേള്‍പ്പിച്ചപ്പോള്‍ ചേച്ചി അതിനൊപ്പിച്ച് വെറുതെ വരികളെഴുതി. ട്യൂണും വരികളും സംവിധായകനെ കേള്‍പ്പിപ്പിച്ചു. വരികള്‍ റഫ് ആയിട്ട് എഴുതിയതാണെന്നും ഇതു മറ്റാരേക്കൊണ്ടെങ്കിലും മാറ്റിയെഴുതിക്കാമെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അജയ്ക്ക് വരികള്‍ ഇഷ്ടമാവുകയും ഒരു പാട്ട് കൂടി എഴുതാന്‍ ചേച്ചിക്ക് അവസരം നല്‍കുകയും ചെയ്തു.സംഗീതനൃത്താധ്യാപകനായിരുന്ന മുത്തച്ഛന്‍ ടി കെ ഉപേന്ദ്രനാണ് അഖിലിന്റെ ഗുരു. മുത്തച്ഛന്‍ പകര്‍ന്നുനല്‍കിയ കര്‍ണാടകസംഗീതപാഠങ്ങളാണ് ഈ 23കാരന്റെ സംഗീതജീവിതത്തിന്റെ അടിസ്ഥാനം. കഴിവുണ്ടായിട്ടും എങ്ങുമെത്തിപ്പെടാന്‍ കഴിയാതെ പോയ മുത്തച്ഛന്റെ ജീവിതം കണ്ടുവളര്‍ന്ന അഖിലിന് കലാരംഗത്ത് സ്വന്തമായൊരിടം കണ്ടെത്തണമെന്ന വാശി ചെറുപ്പത്തിലേയുണ്ടായിരുന്നു. കാസര്‍കോട് ഗവ.കോളജിലെ പഠനകാലത്ത് എലോണ്‍ എഗൈന്‍ എന്നൊരു ആല്‍ബം ചെയ്തപ്പോള്‍ അതിലെ ഒരു പാട്ടെഴുതിയത് ഗ്രീഷ്മയായിരുന്നു. പിന്നീട് സൗണ്ട് എന്‍ജിനിയറിങ് കോഴ്‌സ് പൂര്‍ത്തിയാക്കി കൊച്ചിയില്‍ ഒരു റിക്കാര്‍ഡിങ് സ്റ്റുഡിയോയില്‍ ജോലിചെയ്തുവരികയാണ്. 27കാരിയായ ഗ്രീഷ്മ കണ്ണൂര്‍ സ്വദേശി ശ്യാംജെറിലിന്റെ ഭാര്യയാണ്.
കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായ ടി കെ രാജശേഖരന്‍-അങ്കണവാടി ടീച്ചര്‍ ഗായത്രിദേവി ദമ്പതികളുടെ മക്കളാണ് ഇരുവരും. അഖില്‍ ഹിന്ദിയില്‍ ഒരു മ്യൂസിക് ആല്‍ബം ചെയ്തിരുന്നെങ്കിലും റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച സുഹൃത്ത് അനൂപ് വഴിയാണ് നമസ്‌തേ ഇന്ത്യയിലേയ്ക്ക് അവസരം ലഭിക്കുന്നത്.
Next Story

RELATED STORIES

Share it