thrissur local

സോഷ്യല്‍ മീഡിയയില്‍ കര്‍ശന നിയന്ത്രണവുമായി സിപിഎം

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സോഷ്യല്‍ മീഡിയയില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുരുതെന്ന് സിപിഎം നിര്‍ദേശം. നവമാധ്യമങ്ങളില്‍ സ്ഥിരമായി ഇടപെടുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കുമാണ് സിപിഎം ഇത്തരമൊരു സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.
വോട്ടുനഷ്ടപ്പെടുത്തുന്ന ഒരുവിധത്തിലുള്ള ഇടപെടലും ഉണ്ടാവരുതെന്ന് സര്‍ക്കുലറില്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളില്‍പോലും വലിയ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏകസിവില്‍കോഡ്, സ്വവര്‍ഗരതി, ചുംബനസമരം, ബഹുഭാര്യത്വം എന്നു തുടങ്ങി വിവാദമായേക്കാവുന്ന പ്രശ്‌നങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ടതില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ന്യൂജനറേഷന്റെ വോട്ടുകള്‍ പരമാവധി നേടിയെടുക്കന്ന രൂപത്തിലുള്ള ഇടപെടല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തണമെന്നും പാര്‍ട്ടി എല്ലാവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ശത്രുക്കള്‍ എതിര്‍പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യതയുള്ള പരാമര്‍ശങ്ങള്‍ മുഴുവന്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
ജില്ലാ തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവരെ വിളിച്ചുചേര്‍ത്ത് സര്‍ക്കുലര്‍ വിശദീകരിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
നിര്‍ണായകമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ പുതിയ തലമുറയുടെ വോട്ടുകള്‍ നേടിയെടുക്കുന്ന സൈബര്‍ തന്ത്രങ്ങള്‍ക്കും ഈ യോഗങ്ങളില്‍ രൂപംനല്‍കും.
പ്രചാരണരംഗത്തെ വിവാദങ്ങളുണ്ടാക്കുന്നതില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കാന്‍ ജാഗ്രത വേണമെന്നാണ് പാര്‍ട്ടി മനസിലാക്കിയിട്ടുള്ളത്.
ജില്ലകള്‍ തിരിച്ച് നവസാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതിന് പ്രത്യേകം ഗ്രൂപ്പുകളും പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. ഇവയ്ക്ക് ജില്ലാതലത്തില്‍ ഐടി വിദഗ്ധരുടെ കോ-ഓഡിനേഷന്‍ കമ്മിറ്റിയുമുണ്ട്.
Next Story

RELATED STORIES

Share it