സോഷ്യല്‍ മീഡിയയിലൂടെ നടി പാര്‍വതിയെ അധിക്ഷേപിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍

കൊച്ചി: ചലച്ചിത്രതാരം പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ തലപ്പള്ളി വടക്കാഞ്ചേരി കാട്ടിലങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പോസ്റ്റില്‍ ചിറ്റിലപ്പള്ളി വീട്ടില്‍ പ്രിന്റോ(23)നെയാണ് എറണാകുളം സൗത്ത് പോലിസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വുമണ്‍ ഇന്‍ സിനിമ കലക്റ്റീവ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഈമാസം 10ന് സംഘടിപ്പിച്ച സംവാദത്തില്‍ നടി പാര്‍വതി പങ്കെടുത്ത് സംസാരിക്കുകയും ആ സംവാദം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നടി പാര്‍വതി നടന്‍ മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചെന്നു കാണിച്ച് നടിക്കെതിരേ കമന്റുകള്‍ വരികയും ചെയ്തു. പിന്നീട് നടിക്കെതിരേ ഭീഷണിയും അശ്ലീലച്ചുവയുള്ളതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് നടി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി കൊടുത്തത്. പരാതിയില്‍ എറണാകുളം ടൗണ്‍ സൗത്ത് പോലിസ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തിവരികയായിരുന്നു.
കൊച്ചി സൈബര്‍സെല്ലിന്റെ സഹായത്താലാണു പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് എറണാകുളം ടൗ ണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ദ്വിജേഷും സംഘവും പ്രിന്റോയെ വീട്ടില്‍ നിന്നും സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ചോദ്യംചെയ്യലില്‍ പ്രമുഖ നടന്റെ ആരാധകനാണെന്നും അദേഹത്തിന്റെ സിനിമയെ വിമര്‍ശിച്ചതിനാലാണ് നടിക്കെതിരേ പോസ്റ്റിട്ടതെന്നും പ്രിന്റോ പറഞ്ഞതായി പോലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐ തങ്കച്ചന്‍, എഎസ്‌ഐമാരായ ശിവന്‍കുട്ടി, ജോയ് കുമാര്‍, സിപിഒ അനില്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it