kozhikode local

സോളാറിനെക്കാള്‍ ലാഭകരം ജലവൈദ്യുത പദ്ധതി : മന്ത്രി എം എം മണി



കോഴിക്കോട്: സോളാറിനേക്കാള്‍ ലാഭകരം ജലവൈദ്യുത പദ്ധതിയാണെന്ന് വൈദ്യുത മന്ത്രി എം എം മണി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് കെഎസ്ഇബിയുമായി സഹകരിച്ച് 44 സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതി ധാരണാ പത്രം ഒപ്പുവയ്ക്കല്‍ കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ എന്‍ജിനീയേഴ്‌സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരപ്പിള്ളി പദ്ധതി നടപ്പാക്കിയാല്‍ വൈദ്യുതി ഉല്‍പാദനം കൂടും. എന്നാല്‍ അതിരപ്പിള്ളി പദ്ധതി തൊടുമ്പോഴെല്ലാം പ്രശ്‌നമാണ്. എല്‍ഡിഎഫിനകത്തും പുറത്തും നിന്ന് എതിര്‍പ്പുയരുകയാണ്. എന്നാല്‍ അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് ചര്‍ച്ച നടക്കട്ടേയെന്നാണ് തന്റെ അഭിപ്രായം. അങ്ങിനെയെങ്കിലും സമവായത്തിലെത്താനാകുമോയെന്ന് നോക്കാം. ചെറുതും വലുതുമായ ജലവൈദ്യുത പദ്ധതികള്‍ ഉള്‍പ്പെടുത്തണം എന്ന് തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് കെഎസ്ഇബിയുമായി സഹകരിച്ച് 44 സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതിയുടെ ധാരണാ പത്രം മന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരിയും റിന്യൂവബിള്‍ എനര്‍ജി ആന്റ് എനര്‍ജി സേവിങ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിഡി ലാല്‍ സി ഗ്യാരയും പരസ്പരം കൈമാറി. കോഴിക്കോട് നോര്‍ത്ത് മണ്ഡലം എംഎല്‍എ എ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ഡി ഫിലിപ്പ് റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസ് ഐഎഎസ് വിശിഷ്ടാതിഥിയായി. ഉത്തരമേഖലാ വിതരണ കേന്ദ്രം ചീഫ് എന്‍ജിനീയര്‍ കുമാരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി ജി ജോര്‍ജ്,  തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it