സോളാര്‍: ഹരജിയില്‍ വാദം പൂര്‍ത്തിയായി

കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപോര്‍ട്ടിനെ ചോദ്യംചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സമര്‍പ്പിച്ച ഹരജികളിലെ വാദം പൂര്‍ത്തായി. കേസ് സിംഗിള്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി.
മാനദണ്ഡങ്ങളും നടപടിക്രമങ്ങളുമെല്ലാം ലംഘിച്ചാണ് കമ്മീഷന്‍ രൂപീകരിച്ചതും പ്രവര്‍ത്തിച്ചതും അതിനാല്‍, നടപടികള്‍ നിയമവിരുദ്ധമാണെന്നു ഉമ്മന്‍ചാണ്ടിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. 33 ക്രിമിനല്‍ കേസുകളിലെ പ്രതിയായ സരിത എസ് നായരെ കമ്മീഷന്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുകയും വിസ്തരിക്കുകയും ചെയ്തു. ഇത് കേട്ട് കേള്‍വിയില്ലാത്ത നടപടിയാണ്. നോട്ടീസ് നല്‍കി വിളിച്ചു വരുത്തി വിസ്തരിച്ചതു കൊണ്ടു മാത്രം കമ്മീഷന്റെ നടപടിക്രമങ്ങളെ ഉമ്മന്‍ചാണ്ടിക്കു ചോദ്യം ചെയ്യാനാവില്ലെന്ന സര്‍ക്കാര്‍ വാദം നിയമപരമായി നിലനില്‍ക്കുന്നതല്ല. കമ്മീഷന്റെ നടപടിക്രമങ്ങളില്‍ പങ്കെടുത്തു എന്നത് ഉമ്മന്‍ചാണ്ടിയുടെ നിയമപരമായ അവകാശങ്ങള്‍ ഇല്ലാതാക്കില്ലെന്നും കപില്‍ സിബല്‍ വാദിച്ചു.
ഉമ്മന്‍ചാണ്ടിയുടെ വാദങ്ങളെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത്കുമാര്‍ അക്കമിട്ടു എതിര്‍ത്തു. രണ്ടു ശനിയാഴ്ചകളിലെ പ്രത്യേക സിറ്റിങ് അടക്കം നിരവധി ദിവസമാണ് കേസില്‍ സിംഗിള്‍ ബെഞ്ച് വാദം കേട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട അധിക രേഖകള്‍ എന്തെങ്കിലും സമര്‍പ്പിക്കാനുണ്ടെങ്കില്‍ കക്ഷികള്‍ക്ക് അത് ഈ മാസം 13നകം സമര്‍പ്പിക്കാവുന്നതാണ്.
പരിഗണനാ വിഷയങ്ങള്‍ മറികടന്നാണ് കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി ഹരജിയില്‍ വാദിക്കുന്നു. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് നിയമവിരുദ്ധവും ഹരജിക്കാരന്റെ മൗലികാവകാശങ്ങളുടെ ലംഘനവുമാണ്. ഇത്തരത്തിലുള്ള റിപോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വച്ചത് വലിയ മാനഹാനിയുണ്ടാക്കിയിരിക്കുകയാണ്. കമ്മീഷന്റെയും ഇടത് സര്‍ക്കാരിന്റെയും പ്രവര്‍ത്തനം ഹരജിക്കാരന്റെ അന്തസ്സ് തകര്‍ത്തിരിക്കുകയാണ്. അതിനാല്‍ റിപോര്‍ട്ട് റദ്ദാക്കണമെന്നാണ് ആവശ്യം. ഉമ്മന്‍ചാണ്ടി തെറ്റായ വാദങ്ങളാണ് ഉന്നയിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. 2013 ആഗസ്ത് 14ന് ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുന്നതായി ഉമ്മന്‍ചാണ്ടിയാണ് പ്രഖ്യാപിച്ചത്. പൊതുപ്രാധാന്യമുള്ള വിഷയമായതിനാല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്നായിരുന്നു അന്ന് സര്‍ക്കാരിന്റെ അഭിപ്രായം. കമ്മീഷന്‍ സിറ്റിങില്‍ ഉമ്മന്‍ചാണ്ടി നിരവധി തവണ നേരിട്ടും അഭിഭാഷകന്‍ വഴിയും പങ്കെടുത്തിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ റിപോര്‍ട്ട് റദ്ദാക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു.
സോളാര്‍ കമ്മീഷന്‍ സിറ്റിങ്ങില്‍ പങ്കെടുക്കുകയും പിന്നീട് ഹൈക്കോടതിയില്‍ കക്ഷി ചേരാനെത്തുകയും ചെയ്ത എല്ലാവരുടെയും വാദവും കോടതി കേട്ടു. സരിത എസ് നായരും മുതിര്‍ന്ന അഭിഭാഷകന്‍ വഴി ഇടപെടല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സരിത എസ് നായരുടെ കത്തും അതിന്റെ ഉള്ളടക്കവും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഡിസംബര്‍ 19ന് ഹൈക്കോടതി വിലക്കിയിരുന്നു. സര്‍ക്കാരും അതിന്റെ ഏജന്‍സികളും രാഷ്ട്രീയ പ്രവര്‍ത്തകരും എല്ലാതരം മാധ്യമങ്ങളും ഇവ പ്രസിദ്ധീകരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമാണ് ഇടക്കാല ഉത്തരവിലൂടെ വിലക്കിയിരുന്നത്.
Next Story

RELATED STORIES

Share it