സോളാര്‍ വീണ്ടും കത്തുന്നു; സര്‍ക്കാരിന്റെ ഭാവി തുലാസില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോഴ കൊടുത്തെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ നല്‍കിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സോളാര്‍ വിവാദം വീണ്ടും കത്തിപ്പടരുന്നു. ബാര്‍കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടു മന്ത്രിമാര്‍ രാജിവച്ചതിനു പിന്നാലെ സോളാര്‍ വിവാദവും സജീവമാകുന്നത് സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാണ്. മുഖ്യമന്ത്രിക്ക് കോഴ നല്‍കിയെന്ന മൊഴി ചരിത്രത്തില്‍ ആദ്യമാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയേറെയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വന്നാല്‍ പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ അത്ര എളുപ്പമാവില്ല. അതേസമയം, സര്‍ക്കാരിന്റെ പ്രതിച്ഛായ തികച്ചും മോശമായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഏറെനാള്‍ നീണ്ടുനിന്ന ബാര്‍കോഴ വിവാദത്തില്‍ നിന്നും തടിയൂരാനുള്ള ശ്രമത്തിനിടെയാണ് സോളാര്‍ കമ്മീഷനു മുന്നില്‍ സരിതയുടെ വിവാദ വെളിപ്പെടുത്തല്‍. സര്‍ക്കാരിന്റെ അവസാന ബജറ്റും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒന്നൊന്നായി ആഞ്ഞുവീശുന്നത് തുടര്‍ഭരണം ലക്ഷ്യമിടുന്ന സര്‍ക്കാരിന് വെല്ലുവിളിയാണ്.
ഇതുവരെ മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ളവര്‍ സരിതയെ വിളിച്ചതും ബന്ധം സ്ഥാപിച്ചതുമായിരുന്നു വിവാദത്തിന് ആധാരം. എന്നാല്‍, നിലവില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രിയാണ്. കെ എം മാണി രാജിവച്ച സാഹചര്യത്തില്‍ നിര്‍ണായകമായ ബജറ്റ് അവതരിപ്പിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കാണ്. സരിതയുടെ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ബജറ്റ് അവതരണവും പ്രതിപക്ഷ ബഹളത്തിലാവും കലാശിക്കുക.
ബാര്‍കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ബജറ്റ് അവതരണം ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിലാണ് കലാശിച്ചത്. നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ പ്രതിപക്ഷ പ്രതിഷേധം സഭയ്ക്കകത്തും പുറത്തും നേരിടുക എളുപ്പമാവില്ല. കഴിഞ്ഞതവണ കെ എം മാണിക്കെതിരേ തീര്‍ത്ത പ്രതിഷേധം ഇത്തവണ മുഖ്യമന്ത്രിക്കെതിരേയാവും പ്രതിപക്ഷം പ്രയോഗിക്കുക. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് പുറമെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് രണ്ടു തവണയായി നേരിട്ട് 40 ലക്ഷം കൊടുത്തെന്നും സരിത കമ്മീഷനില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സരിത മുഖ്യമന്ത്രിയുമായി ലൈംഗികബന്ധം പുലര്‍ത്തിയതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി തന്റെ കൈവശമുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് സിഡി കണ്ടെത്താന്‍ നടത്തിയ യാത്ര പരാജയപ്പെട്ടതോടെ ആ വിവാദം കെട്ടടങ്ങി. എന്നാല്‍, ബിജുരാധാകൃഷ്ണന്റെ സിഡി ആരോപണത്തെ നേരിട്ടപോലെ സരിതയുടെ ഈ മൊഴിയെ നേരിടുക മുഖ്യമന്ത്രിക്ക് അത്ര എളുപ്പമാകില്ല. മുഖ്യമന്ത്രിയുടെ ധാര്‍മികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it