സോളാര്‍; വനിതാ അസിസ്റ്റന്റ് പ്രിസന്‍ ഓഫിസര്‍മാര്‍ മൊഴി നല്‍കി

കൊച്ചി: സരിത എസ് നായരുടെ കത്തു പിടിച്ചെടുത്ത സ്റ്റാഫ് അതിന്റെ ഉള്ളടക്കം തന്നോടു പറഞ്ഞിരുന്നുവെന്ന മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ മൊഴി തെറ്റെന്ന് സരിതയുടെ ദേഹപരിശോധന നടത്തിയ രണ്ട് വനിതാ അസിസ്റ്റന്റ് പ്രിസന്‍ ഓഫിസര്‍മാരുടെ മൊഴി. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കാനെത്തിയതായിരുന്നു 2013ല്‍ പത്തനംതിട്ട ജില്ലാ ജയില്‍ അസിസ്റ്റന്റ് പ്രിസന്‍ ഓഫിസര്‍മാര്‍ ആയിരുന്ന ടി മണിയും രമാദേവിയമ്മയും.
കത്തിനെക്കുറിച്ച് യാതൊരു വിവരവും ഡിജിപിയോട് നേരിട്ടോ ഫോണിലൂടെയോ പറഞ്ഞിരുന്നില്ലെന്നും സരിതയുടെ കൈവശം കണ്ട പേപ്പറുകള്‍ ജയിലില്‍ നിന്നു കൊടുത്തതായിരുന്നില്ലെന്നും ഇരുവരും കമ്മീഷനില്‍ മൊഴി നല്‍കി. സരിതയുടെ ദേഹപരിശോധനയില്‍ കണ്ടെത്തിയ കവര്‍ പരിശോധിച്ചപ്പോള്‍ ചെറുതായി മടക്കിവച്ച ഏതാനും കുറിപ്പുകള്‍ കണ്ടുവെന്നും ഇരുവരും മൊഴി നല്‍കി. സരിതയോടു ചോദിച്ചപ്പോള്‍ കോടതി ആവശ്യത്തിന് അവരുടെ അഭിഭാഷകനു കൊടുക്കാനായി തയ്യാറാക്കിയ കുറിപ്പുകള്‍ ആണെന്നു പറഞ്ഞു. ഈ വിവരം ഹെഡ് വാര്‍ഡന്‍ അബ്ദുല്‍ ലത്തീഫിനെ അറിയിക്കുകയും അദ്ദേഹം ജയില്‍ സുപ്രണ്ട് വിശ്വനാഥക്കുറുപ്പിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.
കുറിപ്പുകള്‍ സരിതയുടെ അഭിഭാഷകനു കൊടുക്കാനുള്ളതാണെങ്കില്‍ നിങ്ങള്‍ വായിച്ചുനോക്കുകയൊന്നും വേണ്ടെന്നും സരിതയ്ക്ക് തിരിച്ചുനല്‍കാനും ആവശ്യപ്പെട്ടത് ജയില്‍ സുപ്രണ്ട് കുറുപ്പ് സാര്‍ ആണെന്നും അസിസ്റ്റന്റ് പ്രിസന്‍ ഓഫിസര്‍ ടി മണി കമ്മീഷനില്‍ മൊഴി നല്‍കി. അതേസമയം അസിസ്റ്റന്റ് പ്രിസന്‍ ഓഫിസര്‍മാര്‍ ഇരുവരും കത്ത് വായിച്ചുനോക്കിയില്ലെന്നത് അതിശയകരമാണെന്ന് സോളാര്‍ കമ്മീഷന്‍ നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it