Flash News

സോളാര്‍ : ലീഗ് അടിയന്തര സെക്രട്ടേറിയറ്റ് ഇന്ന് മലപ്പുറത്ത്



മലപ്പുറം: സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അടിയന്തര യോഗം ഇന്ന് നടക്കും. മലപ്പുറം ലീഗ് ഹൗസില്‍ രാവിലെ 9.30നാണ് യോഗം. സോളാര്‍ റിപോര്‍ട്ടില്‍ പരിക്കുകളൊന്നുമില്ലാത്ത യുഡിഎഫിലെ പ്രമുഖ കക്ഷിയായിട്ടും അതിന്റെ നേട്ടം കൊയ്യാന്‍ ലീഗിന് സാധിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. സെക്രേട്ടറിയറ്റിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട ഭാരവാഹികളെ  യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. മുസ്്‌ലിംലീഗ് നേതാക്കള്‍ക്കെതിരേ സോളാര്‍ റിപോര്‍ട്ടില്‍ പരാമര്‍ശങ്ങളൊന്നുമില്ല. പാണക്കാട് ബഷീറലി തങ്ങളെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ റിപോര്‍ട്ടിലുണ്ട്. ഇക്കാര്യം നേരത്തെ പുറത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് പാര്‍ട്ടി പരിപാടികളില്‍ അപ്രഖ്യാപിത വിലക്ക്് ഏര്‍പ്പെടുത്തിയിരുന്നു. സരിതയെ ബഷീറലി തങ്ങളുടെ അടുത്തേക്കു അയച്ചത് മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന് സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ റിപോര്‍ട്ട് ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ വിമര്‍ശനം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് നാമനിര്‍ദേശം ചെയ്യപ്പെട്ട ഭാരവാഹികളായ യു എ ലത്തീഫ്, സി പി ബാവ ഹാജി, കെ എസ് ഹംസ, സി മോയിന്‍കുട്ടി, കുഞ്ഞിമുഹമ്മദ് എന്നിവരെയെല്ലാം ഒഴിവാക്കിയതെന്നാണ് സൂചന.സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫില്‍ ഏറെ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ലീഗ്. എന്നാല്‍, ഇത് ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. പാണക്കാട് കുടുംബത്തിലെ ഒരംഗം റിപോര്‍ട്ടില്‍ ഉള്‍പ്പെട്ടതാണ് കാരണം. അദ്ദേഹം ലീഗില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കുന്നില്ലെങ്കിലും റിപോര്‍ട്ടിനെ വളരെ കരുതലോടെയാണ് ലീഗ് സമീപിക്കുന്നത്. പാര്‍ട്ടി തിരഞ്ഞെടുപ്പിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.
Next Story

RELATED STORIES

Share it