Flash News

സോളാര്‍ റിപോര്‍ട്ട് നിയമസഭയില്‍ : വെന്തുരുകി യുഡിഎഫ്



എച്ച്  സുധീര്‍

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തു വച്ചു. അന്വേഷണം നടത്തിയ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപോര്‍ട്ടാണ് പുറത്തുവന്നത്. ലൈംഗിക പീഡനവും അഴിമതിയും ഉള്‍പ്പെടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫിസിനും മന്ത്രിമാര്‍ക്കുമെതിരേ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍, അഴിമതി നിയമപ്രകാരം കേസെടുക്കണമെന്നും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കെ സി വേണുഗോപാല്‍, പി സി വിഷ്ണുനാഥ്, ജോസ് കെ മാണി, പളനിമാണിക്യം, എന്‍ സുബ്രഹ്മണ്യന്‍, പ്രതീഷ് നായര്‍ (ചെന്നിത്തലയുടെ പിഎ, ഡല്‍ഹി), ഐജി കെ പത്മകുമാര്‍, എം ആര്‍ അജിത് കുമാര്‍ (മുന്‍ കമ്മീഷണര്‍, കൊച്ചി സിറ്റി), എ പി അബ്ദുല്ലക്കുട്ടി, പാണക്കാട് ബഷീറലി തങ്ങള്‍ എന്നിവര്‍ക്കെതിരേ  കണ്ടെത്തലുകള്‍ ഗൗരവകരമാണ്. ഇവരില്‍ വിഷ്ണുനാഥും പ്രതീഷ് നായരും ഒഴികെയുള്ളവര്‍ സരിതയെ ലൈംഗികമായി ചൂഷണം ചെയ്തു. ഉമ്മന്‍ചാണ്ടിയെ സഹായിക്കാനായി കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും പ്രവര്‍ത്തിച്ചു. അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍  പോലിസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ക്രിമിനല്‍ക്കുറ്റത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി. എന്നാല്‍, തിരുവഞ്ചൂരിന് എതിരായ മറ്റ് ആരോപണങ്ങള്‍ ഉറപ്പാക്കാന്‍ തെളിവില്ല. ശാലുമേനോന്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ സോളാര്‍ കമ്പനിയുടെ പണം ഉപയോഗിച്ച് ആഡംബരജീവിതം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ പ്രോജക്റ്റ് നല്‍കിയതായി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരായ പരാമര്‍ശങ്ങളില്ല. കേരള പോലിസ് അസോ. സെക്രട്ടറി ജി ആര്‍ അജിത്തിനെതിരേ അച്ചടക്കരാഹിത്യത്തിന് നടപടിയെടുക്കണം. സരിതയെ അറിയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം കമ്മീഷന്‍ തള്ളിക്കളഞ്ഞു. 2011 മുതല്‍ സരിത എസ് നായരുമായും ബിജു രാധാകൃഷ്ണനുമായും നല്ല പരിചയമുണ്ട്. ഇക്കാര്യം കമ്മീഷനു മുന്നില്‍ മറച്ചുവച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് അനുയോജ്യമല്ലാത്തവിധം ഇടപെട്ടുവെന്ന് കമ്മീഷന്‍ തെളിവുകള്‍ നിരത്തുന്നു. മുഖ്യമന്ത്രിയുടെ ക്ലാര്‍ക്കായ ടെന്നി ജോപ്പനും പ്രൈവറ്റ് സെക്രട്ടറി പി എസ് ശ്രീകുമാരനും ഷാനവാസ് എംപിയും ഇടപാടുകള്‍ക്ക് ഇടനിലക്കാരായി. രണ്ടു കോടി 10 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് ഡല്‍ഹിയിലെ സഹായിയായ തോമസ് കുരുവിള വഴി നല്‍കിയെന്നാണ് സരിത കമ്മീഷനെ അറിയിച്ചത്. മല്ലേലില്‍ ശ്രീധരന്‍ നായരില്‍ നിന്നു ലഭിച്ച 40 ലക്ഷം രൂപയില്‍ 32 ലക്ഷം മുഖ്യമന്ത്രിക്ക് നല്‍കി. ഈ തുക ഇടപാടുകാരില്‍നിന്നുമാണ് സമാഹരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നിഴലായിരുന്ന ടെന്നി ജോപ്പന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ വഴിയുള്ള നിരവധി ബന്ധങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ആളായിരുന്ന ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ്, ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള എന്നിവരും സരിതയുടെ ഫോണില്‍ ബന്ധപ്പെട്ടു. ക്ലിഫ്ഹൗസിലെ ലാന്‍ഡ് ഫോണുകളിലേക്ക് സരിതയുടെ ഫോണുകളില്‍ നിന്നു വിളികള്‍ വന്നിരുന്നു. ഇക്കാര്യങ്ങളൊന്നും അന്വേഷിക്കാന്‍ അന്നത്തെ അന്വേഷണ സംഘം തയ്യാറായില്ല. ആര്യാടന്‍ മുഹമ്മദിന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് 25 ലക്ഷം രൂപയും പി എസ് കേശവന്‍ മുഖാന്തരം 15 ലക്ഷവും കൈമാറി. എ പി അനില്‍കുമാറിന് അദ്ദേഹത്തിന്റെ ഓഫിസ് സ്റ്റാഫായ നസറുല്ല വഴി ഏഴു ലക്ഷം രൂപ നല്‍കി. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അടിസ്ഥാനമുണ്ടെന്നു വ്യക്തമാക്കിയ കമ്മീഷന്‍, തിരുവഞ്ചൂര്‍ , മുന്‍ ഡിജിപി ബാലസുബ്രഹ്മണ്യം, ടി പി സെന്‍കുമാര്‍, അന്നത്തെ അന്വേഷണ സംഘത്തലവന്‍ ഹേമചന്ദ്രന്‍, ഡിവൈഎസ്പിമാരായ കെ ഹരികൃഷ്ണന്‍, പ്രസന്നന്‍ നായര്‍ എന്നിവര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി. നാലു വര്‍ഷത്തെ തെളിവെടുപ്പിനിടെ കമ്മീഷന്‍ 214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. നാലു വാല്യങ്ങളിലായി 1073 പേജുകളാണ്  സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it