Flash News

സോളാര്‍ റിപോര്‍ട്ട് നാളെ സഭയില്‍ ; പോരിനൊരുങ്ങി ഭരണപക്ഷവും പ്രതിപക്ഷവും





എന്‍  എ  ശിഹാബ്

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് നാളെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കെ പോരിനൊരുങ്ങി ഭരണപക്ഷവും പ്രതിപക്ഷവും. ഒരു മണിക്കൂറാണ് സഭ ചേരാന്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും ഭരണ-പ്രതിപക്ഷ കക്ഷികള്‍ പോര്‍വിളി ഉയര്‍ത്തുന്നതോടെ മണിക്കൂറുകളോളം സഭ പ്രക്ഷുബ്ധമാവും. റിപോര്‍ട്ടിന്റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ മാധ്യമങ്ങള്‍ക്കും സഭാസമ്മേളനം തല്‍സമയം സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.  ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നാലു ഭാഗങ്ങളായി 1073 പേജുള്ള റിപോര്‍ട്ട് പൂര്‍ണമായും പരിഭാഷപ്പെടുത്തി സാമാജികര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും. അന്നുതന്നെ റിപോര്‍ട്ടിന്റെ പൂര്‍ണരൂപം നിയമസഭയുടെ വെബ്‌സൈറ്റിലും സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. സഭയില്‍ സമര്‍പ്പിക്കുന്നതോടെ ഇത് പൊതുരേഖയായി മാറും. റിപോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. എന്നാല്‍ ചര്‍ച്ചയുണ്ടാവില്ല. റിപോര്‍ട്ടിലെ കണ്ടെത്തലുകളെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെയും കുറിച്ച് മുഖ്യമന്ത്രി പ്രത്യേക പ്രസ്താവനകള്‍ നടത്തും. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നിയമനടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് സര്‍ക്കാര്‍ പ്രത്യേക നിയമസഭയില്‍ റിപോര്‍ട്ട് വയ്ക്കാന്‍ തീരുമാനിച്ചത്. ആരോപണവിധേയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാതിരിക്കുന്നത് സ്വാഭാവിക നീതിനിഷേധമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കമ്മീഷന്‍ റിപോര്‍ട്ടിന്മേല്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ തുടരന്വേഷണം സ്വീകരിക്കാമെന്ന് കഴിഞ്ഞദിവസം സുപ്രിംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്ത് നിയമോപദേശം നല്‍കിയിരുന്നു. സഭാസമ്മേളനത്തിന്റെ ആരംഭത്തില്‍, വേങ്ങരയില്‍ നിന്നു നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ട കെ എന്‍ എ ഖാദറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. തുടര്‍ന്ന് സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് മേശപ്പുറത്തു വയ്ക്കും. ചട്ടം 300 അനുസരിച്ച് റിപോര്‍ട്ട് സംബന്ധിച്ചു മുഖ്യമന്ത്രി പ്രസ്താവന നടത്തുമെന്നും 9.15ഓടെ സഭ പിരിയുമെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it