Flash News

സോളാര്‍ റിപോര്‍ട്ട് : ഉമ്മന്‍ചാണ്ടിയെ ഒരു ചുക്കും ചെയ്യാനാവില്ല- രമേശ് ചെന്നിത്തല



കോഴിക്കോട്: സോളാര്‍ റിപോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിലൂടെ ഉമ്മന്‍ചാണ്ടിയെ ഒരു ചുക്കും ചെയ്യാന്‍ സിപിഎമ്മിന് സാധിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും വേണുഗോപാലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധികളെ സോളാര്‍ റിപോര്‍ട്ടിലൂടെ ഹിംസിച്ചു കളയാമെന്നാണ് സിപിഎമ്മിന്റെ വിചാരമെങ്കില്‍ അത് നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പടയൊരുക്കം  ജാഥയ്ക്ക് നല്‍കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. എതിരാളികളെ തേജോവധം ചെയ്യുക എന്നത് സിപിഎമ്മിന്റെ പതിവ് ശൈലിയാണ്. അതുതന്നെയാണ് സോളാര്‍ കേസിലും നടക്കുന്നത്. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് സഭയില്‍ വരട്ടേ, ഉമ്മന്‍ ചാണ്ടിയുടെ ശരീരത്തില്‍ ഒരുനുള്ള് മണ്ണുവാരിയിടാന്‍ സോളാര്‍ റിപോര്‍ട്ടിലൂടെ സിപിഎമ്മിന് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ  ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, സോളാര്‍ റിപോര്‍ട്ട് സഭയില്‍ വരുന്നതിനെ കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും, ആശങ്ക വേണ്ടത് മറ്റുചിലര്‍ക്കാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പടയൊരുക്കം ഒമ്പതാം തിയ്യതി കഴിഞ്ഞാല്‍ മുന്നോട്ടു നീങ്ങുമോ എന്നാലോചിച്ച് സിപിഎം വിഷമിക്കുകയാണ്. ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം സിപിഎം അവരുടെ തടി രക്ഷപ്പെടുത്താന്‍ നോക്കുന്നതാവും നന്നാവുകയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it