സോളാര്‍: മുസ്‌ലിം ലീഗിന് അതൃപ്തി

സമീര്‍ കല്ലായി

മലപ്പുറം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ പരസ്യമായി പിന്തുണയ്‌ക്കേണ്ടെന്ന് ലീഗ് തീരുമാനം. കേസ് മുഖ്യമന്ത്രി കൈകാര്യം ചെയ്ത രീതിയും കോണ്‍ഗ്രസ്സിലെ വിഴുപ്പലക്കലുമാണ് ലീഗിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. ഇന്നലെ പാണക്കാട്ട് ചേര്‍ന്ന ലീഗ് അടിയന്തര നേതൃയോഗത്തിലാണ് തീരുമാനം. യോഗാനന്തരം മാധ്യമപ്രവര്‍ത്തകരെ കണ്ട ലീഗ് നേതാക്കളൊന്നും മുഖ്യമന്ത്രിയെ പരസ്യമായി പിന്തുണയ്ക്കാന്‍ തയ്യാറായില്ല.
യുഡിഎഫ് തീരുമാനത്തിനൊപ്പം ലീഗ് നില്‍ക്കുമെന്നുമാത്രമാണ് മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് പി കെ കുഞ്ഞാലിക്കുട്ടി മറുപടിയായി പറഞ്ഞത്. മറ്റ് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു മാത്രം പറഞ്ഞ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളും ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞുമാറി. യോഗ വിവരം മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞതോടെ ഇത് അനൗപചാരിക കൂടിച്ചേരല്‍ മാത്രമായിരുന്നുവെന്ന വിശദീകരണവും നേതാക്കള്‍ നല്‍കി.
കേരളയാത്രയുമായി കോഴിക്കോടായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി അടിയന്തരമായി പാണക്കാടെത്തിയപ്പോള്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അസാധാരണത്വം മണത്തിരുന്നു. സരിത കേസില്‍ മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നുതന്നെയാണ് യോഗത്തിന്റെ വിലയിരുത്തലെന്നറിയുന്നു. ഇതാണ് മുഖ്യമന്ത്രിയെ പരസ്യമായി പിന്തുണക്കാന്‍ നേതാക്കള്‍ തയ്യാറാകാതിരുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ കേസ് കൈകാര്യം ചെയ്ത രീതി പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കേസ് കോണ്‍ഗ്രസിനുള്ളിലുള്ളവര്‍ തന്നെ പരസ്പരം വിഴുപ്പലക്കലിന് ഉപയോഗിച്ചതാണ് ഇത്രത്തോളം വഷളാക്കിയതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസ്സിനെ കാക്കാതെ സ്വന്തം നിലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് അണികളെ സജ്ജമാക്കുകയായിരിക്കും നല്ലതെന്നും ഇതിനു കേരള യാത്ര ഉപയോഗപ്പെടുത്തണമെന്നും യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു.
Next Story

RELATED STORIES

Share it