സോളാര്‍: മുഖ്യമന്ത്രിയെ 25നു വിസ്തരിക്കും

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും. മുഖ്യമന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ച് ഈ മാസം 25നു തിരുവനന്തപുരത്തു വച്ചായിരിക്കും വിസ്താരം. ഹാജരാവാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേന കമ്മീഷനെ അറിയിച്ചു. ഇതു സംബന്ധിച്ച് കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ 8(ബി) പ്രകാരം മുഖ്യമന്ത്രിക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു പങ്കുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്നത്. സോളാര്‍ കേസില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് അവസരം ലഭിക്കും.
അതേസമയം, ഇന്നലെ കമ്മീഷനു മുമ്പാകെ മൊഴി നല്‍കേണ്ടിയിരുന്ന സരിത എസ് നായര്‍ കമ്മീഷനില്‍ ഹാജരായില്ല. ക്രിമിനല്‍ കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായി ആലപ്പുഴ രാമങ്കരിയില്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തേണ്ടതിനാല്‍ സരിതയ്ക്ക് ഹാജരാവാന്‍ കഴിയില്ലെന്ന് അവരുടെ അഭിഭാഷകന്‍ സി ഡി ജോണി കമ്മീഷനെ അറിയിക്കുകയായിരുന്നു.
ജയിലില്‍ വച്ചെഴുതിയതെന്നു പറഞ്ഞു മാധ്യമപ്രവര്‍ത്തകരുടെ മുമ്പാകെ സരിത ഉയര്‍ത്തിക്കാട്ടിയ വിവാദ കത്ത് കമ്മീഷനു മുമ്പാകെ ഹാജരാക്കാനാവില്ലെന്ന് സരിത ഇന്നലെ കമ്മീഷനെ രേഖാമൂലം അറിയിച്ചു. ഇന്നലെ കമ്മീഷനു മുമ്പാകെ ഹാജരാവുമ്പോള്‍ ഈ കത്ത് ഹാജരാക്കണമെന്ന് കമ്മീഷന്‍ നേരത്തേ സരിതയോട് ആവശ്യപ്പെട്ടിരുന്നു. കത്ത് തന്റെ സ്വകാര്യതയെ സംബന്ധിച്ചതാണെന്നും സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളെ സംബന്ധിച്ചോ ഉന്നതബന്ധത്തെക്കുറിച്ചോ കത്തില്‍ പരാമര്‍ശമില്ലെന്നും സരിത കമ്മീഷനെ രേഖാമൂലം അറിയിച്ചു.
എന്നാല്‍, സരിത കമ്മീഷനില്‍ ഹാജരാവാതിരുന്നത് കമ്മീഷനെ ചൊടിപ്പിച്ചു. കമ്മീഷനു മുമ്പാകെ സത്യം പറയാതിരിക്കാനാണ് സരിതയുടെ ശ്രമം. കമ്മീഷനില്‍ ഹാജരാവാതിരിക്കുന്നതിനായി സരിതയ്ക്കു മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്നും ജസ്റ്റിസ് ജി ശിവരാജന്‍ നിരീക്ഷിച്ചു. മാധ്യമങ്ങള്‍ക്കു മുന്നില്‍ വച്ച് കമ്മീഷനില്‍ എല്ലാം തുറന്നുപറയുമെന്നു പറഞ്ഞ പി എ മാധവന്‍ എംഎല്‍എ ഉള്‍പ്പെടെ പലരും ഇതുവരെ കമ്മീഷനില്‍ മൊഴി നല്‍കിയിട്ടില്ലെന്നും കമ്മീഷന്‍ വിമര്‍ശിച്ചു. കമ്മീഷനെ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും പ്രവര്‍ത്തിക്കാന്‍ സമ്മതിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത് വലിച്ചു താഴെയിടുന്നതാണെന്നും സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it