kasaragod local

സോളാര്‍ പാര്‍ക്കിന് ഭൂമി നല്‍കില്ലെന്ന്;പ്രതിഷേധം ശക്തമാവുന്നു

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ മീഞ്ച, പൈവളിഗെ, ചിപ്പാര്‍ വില്ലേജുകളിലായി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സോളാര്‍ പാര്‍ക്കിന് സ്ഥലം നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പദ്ധതിക്കായി മൂന്ന് വില്ലേജുകളില്‍ നിന്ന് 429 ഏക്കര്‍ സ്ഥലം അളന്നുതിട്ടപ്പെടുത്തുകയും ഇതിനെ ലീസിന് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏതാനും മാസംമുമ്പ് റവന്യൂഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് കൈമാറേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്ന് അത്യുത്തര കേരളത്തിന്റെ മുഖച്ഛായമാറുന്ന പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 500 കോടി രൂപയുടെ വികസന പദ്ധതിക്കാണ് കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതേസമയം ഇതോടൊപ്പം തന്നെ സ്ഥലം ഏറ്റെടുത്ത മടിക്കൈ വില്ലേജില്‍ സോളാര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വൈദ്യുതി ക്ഷാമം ഏറ്റവും കൂടുതല്‍ നേരിടുന്ന വടക്കന്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ് സോളാര്‍ പാര്‍ക്കിന് സ്ഥലം അനുവദിക്കാത്തത് മൂലം നഷ്ടമാകുന്നത്. മീഞ്ച, ചിപ്പാര്‍ വില്ലേജുകളിലായി 180.58 ഏക്കറും പൈവളിഗെ വില്ലേജില്‍ 249.735 ഏക്കറും അടക്കം 429 ഏക്കര്‍ സ്ഥലം സോളാര്‍ പാര്‍ക്കിന് വിട്ടുനല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. 200 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പാര്‍ക്ക് സ്ഥാപിക്കാനായി റിന്യൂവബിള്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് കേരള സംയുക്ത സംരംഭത്തിന് കെഎസ്ഇബിയും സോളാര്‍ പാര്‍ക്ക് ഓഫ് ഇന്ത്യയും കമ്പനി നേരത്തെ രൂപീകരിച്ചിരുന്നു. മൂലധനമായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. പദ്ധതി ലക്ഷ്യമിടുന്ന 200 മെഗാവാട്ടില്‍ 50 മെഗാവാട്ട് ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡവലപ്പ്‌മെന്റ് ഏജന്‍സി വഴിയും 50 മെഗാവാട്ട് തെഹ്്‌രി ഹൈഡ്രോ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വഴിയും നടപ്പിലാക്കാനായിരുന്നു തീരുമാനം. ഇവ രണ്ടും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ്. ശേഷിക്കുന്ന 100 മെഗാവാട്ട് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയം അംഗീകരിച്ച വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് പദ്ധതി വഴി നടപ്പാക്കാനായിരുന്നു തീരുമാനം. 1400 കോടി രൂപ ചെലവിലാണ് ജില്ലയില്‍ സോളാര്‍ പാര്‍ക്ക് നിര്‍മിക്കാന്‍ തീരുമാനിച്ചത്. സോളാര്‍ പാര്‍ക്കില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഇലക്ട്രിസിറ്റി ബോര്‍ഡ് റഗുലേറ്ററി അതോറിറ്റി നിര്‍ണയിക്കുന്ന വിലക്ക് കെഎസ്ഇബിക്ക് നല്‍കാനും തീരുമാനിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ധനസഹായത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ റവന്യൂ വകുപ്പിന് കീഴില്‍ തരിശ്ശായി കിടക്കുന്ന സ്ഥലമാണ് ഇതിന് വേണ്ടി അനുവദിക്കാന്‍ തീരുമാനിച്ചിരുന്നത്. കാസര്‍കോട് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇതേകുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചത്. തരിശായി കിടക്കുന്ന കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള റവന്യൂ ഭൂമി ഇപ്പോള്‍ കൈയേറ്റക്കാരുടെ പിടിയിലാണ്. സോളാറിന് വേണ്ടി അക്വയര്‍ ചെയ്ത സ്ഥലത്ത് പോലും സ്വകാര്യ വ്യക്തികള്‍ പട്ടയംസമ്പാദിച്ചിട്ടുണ്ട്. ഇതൊഴിപ്പിക്കാന്‍ അധികൃതര്‍ നേരത്തെ നീക്കം നടത്തിയപ്പോള്‍ ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ സ്ഥലമെടുപ്പും തടസ്സപ്പെട്ടു. പിന്നീട് അന്നത്തെ ജില്ലാ കലക്്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പദ്ധതിക്ക് ആവശ്യമായ സ്ഥലം നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ഇത് അളന്ന് തിട്ടപ്പെടുത്തി ആര്‍ഡിഒക്ക് അനുമതിക്കായി സമര്‍പ്പിക്കുകയുമായിരുന്നു. പ്രാദേശികമായ എതിര്‍പ്പുകളൊന്നും ഇവിടെ പദ്ധതി നടപ്പിലാക്കുന്നതിനില്ല. എന്നാല്‍ സര്‍ക്കാറിന്റെ പിടിവാശിമൂലം മുന്‍സര്‍ക്കാറിന്റെ ഒരു പദ്ധതികൂടി നഷ്ടപ്പെടുകയാണ്.ഒപ്പം ഉത്തരമലബാറിന്റെ വികസനത്തിന് തടസ്സവും. ഈ ആഴ്ച റവന്യൂ മന്ത്രിയെ കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം അറിയിക്കുമെന്നും പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാ സമ്മര്‍ദ്ദങ്ങളും ചെലുത്തുമെന്നും പി ബി അബ്ദുര്‍റസാഖ് എംഎല്‍എ തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it