സോളാര്‍ പദ്ധതിക്കുവേണ്ടി സരിതയോട് സംസാരിച്ചിരുന്നതായി കെ സി ജോസഫ്

കൊച്ചി: തന്റെ മണ്ഡലമായ ഇരിക്കൂരിലെ പട്ടികജാതി കോളനിയില്‍ സൗജന്യ സോളാര്‍ വൈദ്യതീകരണ പദ്ധതിക്കുവേണ്ടി താന്‍ സരിത എസ് നായരെ വിളിച്ചിരുന്നതായി മുന്‍മന്ത്രി കെ സി ജോസഫ് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴി നല്‍കി. സരിത ഇതിന് അനുകൂലമായാണ് പ്രതികരിച്ചതെന്നും കെ സി ജോസഫ് മൊഴി നല്‍കി. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് ഒരു പ്രവര്‍ത്തനവും നടന്നിരുന്നില്ല. തന്റെ ഫോണില്‍ നിന്നും സരിതയുടെ ഫോണിലേക്കും തിരിച്ചും നാല് തവണ കോളുകള്‍ വന്നതായും ഇതില്‍ ചിലത് തന്റെ ഗണ്‍മാന്‍ അറ്റന്‍ഡ് ചെയ്തിരിക്കാമെന്നും കെ സി ജോസഫ് മൊഴി നല്‍കി.
പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം പങ്കെടുത്തിരുന്നു. എന്നാല്‍, അവിടെവച്ച് സരിതയെ കണ്ടിട്ടില്ല. വിമാനയാത്രയ്ക്ക് സമയമായതിനാല്‍ യോഗം കഴിയുന്നതിനുമുമ്പ് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ പ്പോലും കാണാന്‍ കൂട്ടാക്കാതെ എയര്‍പോര്‍ട്ടിലേക്ക് തിരിക്കുകയായിരുന്നു. എയര്‍പോര്‍ട്ടിലേക്ക് കാറില്‍ പോവുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള കൂടെയുണ്ടായിരുന്നോ എന്ന് ഓര്‍മയില്ല. വിജ്ഞാന്‍ഭവനില്‍ വച്ച് മുഖ്യമന്ത്രി സരിതയെ കണ്ടുവെന്ന് റിപോര്‍ട്ടര്‍ ചാനലിനോട് തോമസ് കുരുവിള സമ്മതിച്ചുവെന്ന പിണറായി വിജയന്റെ മൊഴി അടിസ്ഥാനരഹിതമാണ്. വിജ്ഞാന്‍ഭവനിലെ യോഗത്തില്‍ പങ്കെടുത്ത തിയ്യതി കൃത്യമായി ഓര്‍മയില്ലെന്ന് അഡ്വ. സി ഹരികുമാറിന്റെ ചോദ്യത്തിന് മറുപടിയായി കെ സി ജോസഫ് പറഞ്ഞു. ഡല്‍ഹി വിജ്ഞാന്‍ ഭവനിലെ യോഗം നടന്നത് 2012 ഡിസംബര്‍ 29ന് ആണെന്ന് തെറ്റായി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞതാവാമെന്നും പിന്നീട് അദ്ദേഹം അത് തിരുത്തിയിട്ടുണ്ടെന്നും ഇത് മനപ്പൂര്‍വമല്ലാത്ത വീഴ്ചയായിരുന്നെന്നും കെ സി ജോസഫ് പറഞ്ഞു.
സരിത എസ് നായരെ രണ്ടുതവണ കണ്ടിട്ടുണ്ട്. 2012 ജൂണില്‍ തന്റെ ഓഫിസില്‍ വന്ന് സരിതയും മറ്റ് രണ്ടുപേരുംകൂടി കാണുകയായിരുന്നു. ലക്ഷ്മി നായരെന്ന് പരിചയപ്പെടുത്തിയ സരിത കടുത്തുരുത്തിയില്‍ ടീം സോളാര്‍ കമ്പനിയുടെ ജില്ലാതല പദ്ധതി ഉദ്ഘാടനം ചെയ്യാനായി തന്നെ ക്ഷണിക്കാനാണ് വന്നത്. അസൗകര്യം അറിയിച്ചപ്പോള്‍ ടീം സോളാറിന്റെ ബിസിനസ് പ്രമോഷനുവേണ്ടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ പട്ടികവര്‍ഗ കോളനിയില്‍ വീതം സൗജന്യ സോളാര്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനമാണെന്ന് പറഞ്ഞു. ഒരു നല്ല കാര്യമല്ലേ എന്ന് കരുതിയാണ് ഉദ്ഘാടനത്തിന് പോയത്. ആരെങ്കിലും പരിപാടിക്ക് ക്ഷണിച്ചാല്‍ അവരെപ്പറ്റി കൂടുതല്‍ അന്വേഷിക്കാറില്ല. തനിക്കൊപ്പം കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സരിതയെപ്പറ്റിയോ ടീം സോളാറിനപ്പറ്റിയോ കമ്പനിക്ക് സൗജന്യമായി സോളാര്‍ വൈദ്യുതീകരണം നടപ്പാക്കാന്‍ കഴിവുണ്ടോ എന്നൊന്നും മോന്‍സ് ജോസഫ് എംഎല്‍എയോട്‌പോലും അന്വേഷിച്ചിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ മുന്‍ നിര്‍ത്തി ഒരു സഹകരണസംഘം രൂപീകരിക്കാന്‍ സരിതയുടെ സഹായം തേടിയതിനെക്കുറിച്ച് തനിക്കറിയില്ലെന്നും കെ സി ജോസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it