സോളാര്‍: തെളിവ് ശേഖരണം പൂര്‍ത്തിയാക്കി; ഇനി കക്ഷികളുടെ വാദം

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ ജൂണ്‍ അവസാന വാരത്തോടെ സാക്ഷി വിസ്താരങ്ങളും തെളിവ് ശേഖരണവും പൂര്‍ത്തിയാക്കി തുടര്‍നടപടികളിലേക്ക് കടക്കുന്നു.
സോളാര്‍ തട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച മുഴുവന്‍ തെളിവുകളെയും ആരോപണങ്ങളെയും കുറിച്ച് കേസിലെ വിവിധ കക്ഷികളുടെ കൂടി വാദംകേട്ട ശേഷമായിരിക്കും കമ്മീഷന്‍ അന്തിമ റിപോര്‍ട്ട് തയ്യാറാക്കുക. റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ അഞ്ചിന് അവസാനിക്കാനിരിക്കെ ജുഡീഷ്യല്‍ അന്വേഷണം നിശ്ചിത കാലയളവിനുള്ളില്‍ തന്നെ സമയബന്ധിതമായി തീര്‍ക്കാനുള്ള ശ്രമത്തിലാണ് കമ്മീഷന്‍. ജൂണ്‍ അവസാനത്തോടെ തെളിവു ശേഖരണം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം വരും ദിവസങ്ങളില്‍ വിസ്തരിക്കാനുള്ളവരുടെ മുഴുവന്‍ ഷെഡ്യൂളും നേരത്തെ തയ്യാറാക്കിക്കഴിഞ്ഞു.
അന്വേഷണത്തില്‍ ഇനിയും കാലതാമസം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി ശേഷിക്കുന്ന സാക്ഷികളുടെ വിസ്താരം വരും ആഴ്ചകളില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് കമ്മീഷന്‍ ഓഫിസ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് സരിത എസ് നായരോട് നിശ്ചിതസമയത്ത് തന്നെ ഹാജരാവാന്‍ കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സോളാര്‍ കമ്മീഷന്‍ ഓഫിസില്‍ നിന്നു ലഭിച്ച വിവരപ്രകാരം 25 ഓളം സാക്ഷികളെയാണ് ഇനിയും വിസ്തരിക്കാനുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ 180ഓളം പേരെ ഇതിനോടകം വിസ്തരിച്ചു. ഈ സാക്ഷികളില്‍ നിന്നായി 523 രേഖകള്‍ സ്വീകരിച്ചു. ഇതില്‍ 45ഓളം രേഖകള്‍ സമര്‍പ്പിച്ചത് കേസിലെ എട്ട് കക്ഷികള്‍ ചേര്‍ന്നാണ്.
സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വിവിധ മന്ത്രിമാര്‍ക്കുമെതിരെ നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് 2013ല്‍ സോളാര്‍ കമ്മീഷന്‍ നിയമിക്കപ്പെട്ടത്.
Next Story

RELATED STORIES

Share it