സോളാര്‍ തട്ടിപ്പ്: സരിതയുടെ കത്ത് ഹാജരാക്കണമെന്ന് കമ്മീഷന്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായര്‍ ജയിലില്‍വച്ച് എഴുതി മാധ്യമങ്ങള്‍ക്കു മുമ്പാകെ ഉയര്‍ത്തിക്കാട്ടിയ കത്ത് കമ്മീഷന് മുമ്പാകെ ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍. കത്ത് കമ്മീഷനില്‍ ഹാജരാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി സരിതയുടെ അഭിഭാഷകന്‍ സി ഡി ജോണി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. ലോകം മുഴുവന്‍ വായിച്ച കത്തില്‍ എന്തു രഹസ്യസ്വഭാവമാണുള്ളതെന്നും കമ്മീഷന്‍ ചോദിച്ചു.
സരിതാ നായരെ വിസ്തരിക്കാന്‍ ബിജു രാധാകൃഷ്ണനെ കമ്മീഷന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സരിതയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച രണ്ടാമത്തെ ഹരജിയും കമ്മീഷന്‍ തള്ളി. കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്റ്റില്‍ എട്ട് (സി) പ്രകാരം ബിജു രാധാകൃഷ്ണന് സരിതയെ വിസ്തരിക്കാമെന്നും എന്നാല്‍ പരിമിതമായ വിഷയങ്ങളില്‍ മാത്രമേ ബിജുവിനെ വിസ്തരിക്കാന്‍ അനുവദിക്കൂവെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി.
സോളാര്‍ വിഷയത്തില്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങള്‍ കൂട്ടുനിന്നിരുന്നോ എന്നതു മാത്രമാണ് കമ്മീഷന്‍ അന്വേഷിക്കുന്നതെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. സരിതയും ബിജുവുമായി നടത്തിയ ബിസിനസ് ആയതിനാല്‍ അവര്‍ തമ്മില്‍ ക്രോസ് വിസ്താരം നടത്തണം. ബിജു രാധാകൃഷ്ണനും സരിതയും തമ്മില്‍ മാറ്റുരയ്ക്കുമ്പോഴേ സത്യം പുറത്തുവരികയുള്ളൂ എന്നും കമ്മീഷന്‍ നിരീക്ഷിച്ചു. 22, 23 തിയ്യതികളില്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാവാന്‍ സരിത തയ്യാറാവുമോ എന്നും കമ്മീഷന്‍ ചോദിച്ചു. ഇതുസംബന്ധിച്ചു കൂടിയാലോചിച്ചശേഷം മറുപടി നല്‍കാമെന്ന് അഭിഭാഷകന്‍ പറഞ്ഞു.
തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയില്‍ രജിസ്റ്ററില്‍ വ്യാപകമായ വെട്ടിത്തിരുത്തലുകള്‍ ഉള്ളതായി നിലവില്‍ ഐജി കൂടിയായ മുന്‍ ഡിഐജി എച്ച് ഗോപകുമാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കി. സരിതയെ പാര്‍പ്പിച്ചിരുന്ന അട്ടക്കുളങ്ങര വനിതാ ജയിലില്‍ 2013 ജൂലൈ 27ന് സന്ദര്‍ശനം നടത്തിയതു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ സന്ദര്‍ശിക്കുമെന്ന അറിയിപ്പിനെത്തുടര്‍ന്നായിരുവെന്നും കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കി.
ജയില്‍ സന്ദര്‍ശനത്തിനിടെ സരിതാ നായരുമായി ദീര്‍ഘനേരം സംസാരിച്ചുവെന്നും നാലുമണിക്കൂറോളം ജയിലില്‍ ചെലവഴിച്ചുവെന്നുമുള്ള വാര്‍ഡന്‍ ശ്രീരാമന്റെ മൊഴി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന്‍ മുമ്പാകെ ജയില്‍ സൂപ്രണ്ട് ഹാജരാക്കിയ രജിസ്റ്ററിലെ ക്രമക്കേടുകള്‍ ജസ്റ്റിസ് ശിവരാജന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. അന്നത്തെ ജയില്‍ സൂപ്രണ്ട് രേഖപ്പെടുത്തിയ സരിതയുടെ 19 പേജുള്ള കത്ത് പിന്നീട് ചുമതലയേറ്റ വനിതാ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ നാലു പേജായി എങ്ങിനെ ചുരുങ്ങിയെന്ന ചോദ്യത്തിനു മുന്നിലും ഗോപകുമാര്‍ മൗനംപാലിച്ചു. അതേസമയം ഇന്നു വിസ്താരത്തിന് നോട്ടീസ് നല്‍കിയിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് ടെന്നി ജോപ്പന്‍ ഹാജരാവില്ലെന്ന് അഭിഭാഷക മുഖേന കമ്മീഷനെ അറിയിച്ചു.
വിസ്താരത്തിനു സാക്ഷികള്‍ എത്താത്തതിനെ കമ്മീഷന്‍ ഇന്നലെയും വിമര്‍ശിച്ചു. കമ്മീഷനെ ആരും ചെറുതായി കാണേണ്ട എന്ന മുന്നറിയിപ്പും കമ്മീഷന്‍ നല്‍കി.
കമ്മീഷന്റെ കാലാവധി ഏപ്രില്‍ 27ന് അവസാനിക്കാനിരിക്കെ കമ്മീഷന്റെ ഇനിയുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ തിങ്കളാഴ്ച മുഴുവന്‍ കക്ഷികളുടെയും അഭിഭാഷകരോടും ഹാജരാവാനും കമ്മീഷന്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it