സോളാര്‍ തട്ടിപ്പ് കേസ്: സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാവില്ല

കൊച്ചി: സോളാര്‍ കേസിലെ സുപ്രധാന തെളിവായ മുഖ്യമന്ത്രിയുടെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള സാധ്യത കുറവാണെന്ന് സൈബര്‍ കുറ്റാന്വേഷണ വിദഗ്ധന്‍ ഡോ. പി വിനോദ് ഭട്ടതിരി. ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെയാണ് വിനോദ് ഭട്ടതിരി ഇക്കാര്യം വ്യക്തമാക്കിയത്.
റിക്കാഡ് ചെയ്ത് നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ ആയിരുന്നെങ്കില്‍ ദൃശ്യങ്ങള്‍ തിരിച്ചെടുക്കാനുള്ള സാധ്യത കൂടുതല്‍ ആയിരുന്നു. സരിതയും മല്ലേലില്‍ ശ്രീധരന്‍ നായരും മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസില്‍ വച്ചു കണ്ടു എന്നു പറയുന്ന 2012 ജൂലൈ ഒമ്പതിലെ സിസിടിവി ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ തുടര്‍ച്ചയായി ഓവര്‍റൈറ്റ് ചെയ്യപ്പെട്ട് പോയാല്‍ ഇപ്പോള്‍ തിരിച്ചെടുക്കാനുള്ള സാധ്യത കുറവാണെന്ന് ഭട്ടതിരി മൊഴി നല്‍കി.
ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന മൊബൈല്‍ഫോണ്‍ കോള്‍ രേഖ (സിഡിആര്‍) നശിപ്പിക്കുന്നത് തെളിവു നശിപ്പിക്കുന്നതിന് തുല്യമാണെന്നും ഇത് സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഭട്ടതിരി പറഞ്ഞു. ഐജി ടി ജെ ജോസ് നശിപ്പിച്ച സരിതയുടെ സിഡിആര്‍ അടങ്ങിയ ഇമെയില്‍ വീണ്ടെടുക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡാറ്റാ റിക്കവറി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ ഇമെയില്‍ സേവനദാതാവില്‍ നിന്നോ സൈബര്‍സെല്ലില്‍ ലഭിച്ച ഇമെയിലുകള്‍ പരിശോധിച്ചോ ഇത് വീണ്ടെടുക്കാമെന്നും ഭട്ടതിരി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ജിക്കുമോന്‍ ജോസഫ് തന്നോട് കോഴ ചോദിച്ചെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സരിത എസ് നായര്‍. സോളാര്‍ കമ്മീഷന്‍ മുമ്പാകെ ജിക്കുമോന്റെ അഭിഭാഷകന്‍ അഡ്വ. ടി ലിജിത് നടത്തിയ ക്രോസ് വിസ്താരത്തിനിടെയാണ് സരിത ഇക്കാര്യം പറഞ്ഞത്. നിക്ഷേപകര്‍ നല്‍കിയ പണമാണ് മുഖ്യമന്ത്രിക്കുവേണ്ടി നല്‍കിയത്. കമ്മീഷനില്‍ നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയ്യാറാണെന്നും സരിത പറഞ്ഞു. 2012 ഡിസംബര്‍ 27ന് താന്‍ ജിക്കുമോന്റെ ഫോണില്‍ വിളിച്ചപ്പോഴാണ് തോമസ് കുരുവിളയുടെ നമ്പര്‍ തന്നത്. കമ്മീഷന്‍ അനുവദിച്ചാല്‍ ഇക്കാര്യം നേരിട്ടോ തന്റെ അഭിഭാഷകന്‍ മുഖേനയോ ജിക്കുവിനോട് നേരിട്ട് ചോദിക്കാന്‍ തയ്യാറാണെന്നും സരിത പറഞ്ഞു.
ജിക്കുമോന്റെ അഭിഭാഷകന്‍ തന്റെ കക്ഷിയെയും തന്നെയും തേജോവധം ചെയ്യുകയാണെന്നും ജിക്കുമോനില്‍ നിന്ന് ചില വിവരങ്ങള്‍ അറിയുന്നതിനായി അദ്ദേഹത്തെ ക്രോസ് വിസ്താരം നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സരിത ഹരജി നല്‍കും.
Next Story

RELATED STORIES

Share it