സോളാര്‍ തട്ടിപ്പ് കേസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴിനല്‍കി: സരിതയ്ക്ക് ഉന്നതരുമായി ബന്ധമുണ്ടായിരുന്നു

കൊച്ചി: സരിതയുടെ ഫോണ്‍വിളികള്‍ പരിശോധിച്ചതില്‍നിന്നും മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ മറ്റ് ഉന്നതര്‍ എന്നിവരുമായി സരിത ബന്ധം പുലര്‍ത്തിയിരുന്നതായി  ശ്രദ്ധയില്‍പെട്ടിരുന്നെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി ബി പ്രസന്നന്‍നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട  കേസിലെ പരാതിക്കാരന്‍ മല്ലേലില്‍ ശ്രീധരന്‍നായര്‍ സരിതയുമൊന്നിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടതായി ശ്രീധരന്‍നായര്‍ മൊഴി നല്‍കിയിരുന്നുവെന്നും പ്രസന്നന്‍നായര്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. പ്രത്യേക അന്വേഷണസംഘത്തിനു സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാന്‍ പൂര്‍ണമായ അധികാരം നല്‍കിയിട്ടും അത് ചെയ്തില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അന്വേഷണം ടെന്നി ജോപ്പനില്‍ അവസാനിപ്പിച്ചതും ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കമ്മീഷന്‍ ചോദിച്ചു.
പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ മൂന്ന് മെഗാവാട്ട് സോളാര്‍ പവര്‍പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കാമെന്നും സബ്‌സിഡി ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ തരപ്പെടുത്തിത്തരാമെന്നും പറഞ്ഞ് 40 ലക്ഷം രൂപ പറ്റിച്ചുവെന്നാണ് ശ്രീധരന്‍നായരുടെ പരാതി. സര്‍ക്കാരിലുള്ള സ്വാധീനം തെളിയിക്കാന്‍ ശ്രീധരന്‍നായരുടെ സാന്നിധ്യത്തില്‍ സരിത മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പനുമായി ഫോണി ല്‍ സംസാരിച്ചു. 2012 ജൂലൈ ഒമ്പതിന് സെക്രട്ടേറിയറ്റിലെത്തി സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്ന് ശ്രീധരന്‍ നായര്‍ റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.  ജോപ്പനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും മൊഴിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ പരാമര്‍ശങ്ങള്‍ വന്നതോടെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി വിസ്താരത്തിനിടെ ശ്രീധരന്‍നായര്‍ മൊഴി മാറ്റിയാലോ എന്ന് സംശയമുള്ളതുകൊണ്ട് ആഗസ്ത് നാലിന് വീണ്ടും മൊഴിയെടുത്തു. മുഖ്യമന്ത്രിയെ സരിതയ്ക്കു പരിചയമുള്ളതായി അന്നത്തെ കൂടിക്കാഴ്ചയില്‍ തനിക്ക് ബോധ്യപ്പെട്ടുവെന്നും ശ്രീധരന്‍നായര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പ്രസന്നകുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ കാണാന്‍ ശ്രീധരന്‍നായര്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജും ഉണ്ടായിരുന്നെന്ന് അദ്ദേഹം മൊഴി നല്‍കിയിരുന്നുവെന്നും പ്രസന്നന്‍നായര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഈ കാലഘഘട്ടത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍, മറ്റുള്ളവരുമായി അദ്ദേഹം എങ്ങനെയാണ് ബന്ധപ്പെട്ടിരുന്നത് എന്ന കാര്യംഅന്വേഷിച്ചില്ല. അത്തരം കാര്യങ്ങള്‍ അന്വേഷിക്കാതിരുന്നത് അതിന് ക്രിമിനല്‍ കേസുമായി ബന്ധമില്ലാത്തതിനാലാണെന്നു പ്രസന്നന്‍നായര്‍ പറഞ്ഞു.
ടീംസോളര്‍ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ചെക്ക് നല്‍കിയ കാര്യം അന്വേഷിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടു. ജോപ്പന്‍ വഴിയാണ് ചെക്ക് നല്‍കിയത്. മുഖ്യമന്ത്രി നല്‍കിയതായി പറയുന്ന കത്ത് വ്യാജമായി നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു എന്നും പ്രസന്നന്‍നായര്‍ സോളാര്‍ കമ്മീഷനെ ബോധിപ്പിച്ചു.
Next Story

RELATED STORIES

Share it