സോളാര്‍: ഡിവൈഎസ്പി ഹരികൃഷ്ണന്റെ വിസ്താരം മാറ്റി

കൊച്ചി: പ്രത്യേക അന്വേഷണ സംഘാംഗം ഡിവൈഎസ്പി ഹരികൃഷ്ണനെ വിസ്തരിക്കുന്നത് സരിതയുടെ വിസ്താരത്തിനു ശേഷമാക്കാന്‍ കമ്മീഷന്‍ തീരുമാനം. സോളാര്‍ കേസില്‍ മറ്റു പ്രതികളെ വിസ്തരിക്കുന്നതിനു മുമ്പ് തന്നെ വിസ്തരിക്കരുതെന്നാവശ്യപ്പെട്ടു ഡിവൈഎസ്പി ഹരികൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു കമ്മീഷന്റെ ഈ തീരുമാനം.

ഇതുപ്രകാരം സരിതയുടെ വിസ്താരം പൂര്‍ത്തിയായിക്കഴിഞ്ഞതിനു ശേഷം മാത്രമേ ഇനി ഹരികൃഷ്ണനെ വിസ്തരിക്കുകയുള്ളൂ. കമ്മീഷന്‍ നല്‍കേണ്ട 8(ബി) നോട്ടീസ് ചൊവ്വാഴ്ച രാവിലെ 10.45നാണ് തനിക്കു ലഭിച്ചതെന്നും അതിനാല്‍ കമ്മീഷനില്‍ മൊഴി നല്‍കേണ്ട വിഷയങ്ങളെക്കുറിച്ച് മുന്‍കൂട്ടി തയ്യാറെടുക്കാന്‍ കഴിഞ്ഞില്ലെന്നും  കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച ഹരജിയില്‍ ഹരികൃഷ്ണന്‍ അറിയിച്ചു. കമ്മീഷനില്‍ മൊഴി നല്‍കേണ്ടതിന്റെ നിയമവശങ്ങള്‍ താന്‍ മനസ്സിലാക്കിയത് ബുധനാഴ്ച രാവിലെ മാത്രമാണെന്നും ഹരികൃഷ്ണന്‍  അറിയിച്ചു. തുടര്‍ന്ന്് ഇന്നലെ സിറ്റിങ് നിര്‍ത്തിവയ്ക്കാനും സരിതയുടെ വിസ്താരത്തിനു ശേഷം ഹരികൃഷ്ണനോട് ഹാജരാവാനും കമ്മീഷന്‍ നിര്‍ദേശിച്ചു. ദിവസം പിന്നീട് അറിയിക്കും.

ഈ മാസം 11, 12 തിയ്യതികളില്‍ സരിതയെ വീണ്ടും വിസ്തരിക്കും. അതേസമയം സോളാര്‍ കേസ് വിസ്താരം നീട്ടുന്നതില്‍ സോളാര്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചു. വിസ്താരം നീട്ടിയാല്‍ നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടാവുമെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. കമ്മീഷനില്‍ മൊഴി നല്‍കാനെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്റെ കമ്മീഷനോടുണ്ടായ സമീപനത്തിലും ശരീരഭാഷയിലും കമ്മീഷന്‍ അതൃപ്തി അറിയിച്ചു. കമ്മീഷനെ വിഷമിപ്പിക്കുന്ന തരത്തിലാണ് ഡിവൈഎസ്പി ഹരികൃഷ്ണന്‍ പെരുമാറിയതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it