സോളാര്‍: ഗൃഹപ്രവേശനത്തിന് തിരുവഞ്ചൂരിനെ നേരിട്ടു ക്ഷണിച്ചിരുന്നതായി നടി ശാലുമേനോന്‍

കൊച്ചി: ഗൃഹപ്രവേശനത്തിനു വരണമെന്ന അഭ്യര്‍ഥിച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ താന്‍ നേരിട്ടുകണ്ട് ക്ഷണിച്ചിരുന്നതായി നടി ശാലുമേനോന്‍ സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. തന്റെ ക്ഷണം സ്വീകരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തീര്‍ച്ചയായും വരുമെന്നും പറഞ്ഞിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി തനിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന കൊടിക്കുന്നില്‍ സുരേഷും രാത്രി എട്ടു മണിയോടെ വീട്ടില്‍ വന്നിരുന്നതായി ശാലു മേനോന്‍ പറഞ്ഞു.
ബിജു രാധാകൃഷ്ണന്റെ ടീം സോളാര്‍ തിരുവനന്തപുരത്തു നടത്തിയിരുന്ന ബിസിനസില്‍ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും ശാലുമേനോന്‍ കമ്മീഷനെ അറിയിച്ചു. ബിജു രാധാകൃഷ്ണന്‍ തന്റെ സൂഹൃത്തു മാത്രമാണെന്നും ആദ്യം പരിചയപ്പെട്ടപ്പോള്‍ ലക്ഷ്മി നായരെന്ന സരിതയെ വിവാഹം കഴിച്ചിരുന്നതായും വിവാഹമോചനത്തിന്റെ വക്കിലാണെന്നും പറഞ്ഞിരുന്നു. ബിജുവിന് തന്നെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് അമ്മയോടു പറഞ്ഞിരുന്നു. സരിതയുമായുള്ള പ്രശ്‌നങ്ങള്‍ കഴിഞ്ഞ് അതേക്കുറിച്ച് ചിന്തിക്കാമെന്ന് അമ്മ പറഞ്ഞൊഴിഞ്ഞു.
ബിജുവിനെ ആദ്യമായി പരിചയപ്പെടുന്നത് ടീം സോളാര്‍ കമ്പനിയുടെ പരസ്യം ഷൂട്ട് ചെയ്യുന്നതിനായിരുന്നു. പിന്നീട് തന്റെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 20 ലക്ഷം രൂപ ബിജു വാങ്ങുകയും കമ്പനിയുടെ 20 ലക്ഷത്തിന്റെ ഒരു ചെക്ക് ഞങ്ങള്‍ക്കു തരുകയും ചെയ്തു. സോളാര്‍ തട്ടിപ്പില്‍ ബിജുവിനു ബന്ധമുണ്ടെന്ന് മനസിലാക്കിയശേഷം ചങ്ങനാശ്ശേരി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തങ്ങളുടെ വീട്ടില്‍ ഗൃഹപ്രവേശനത്തിന് എത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നതായി ശാലുമേനോന്റെ മാതാവ് കലാദേവിയും സോളാര്‍ കമ്മീഷന് മൊഴി നല്‍കി.
Next Story

RELATED STORIES

Share it