സോളാര്‍ കേസ് റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് സര്‍ക്കാര്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിനെതിരേ ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹരജിയിലെ നടപടിക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സരിത എസ് നായരുടെ കത്തും അതിലെ പരാമര്‍ശങ്ങളും പ്രസിദ്ധീകരിക്കുന്നതും ചര്‍ച്ചചെയ്യുന്നതും വിലക്കി ഉത്തരവു പുറപ്പെടുവിക്കുകയാണെങ്കില്‍ കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നതും വിലക്കണമെന്നാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ വാദിച്ചത്. സുപ്രിംകോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹത്ഗിയാണ് സര്‍ക്കാരിനു വേണ്ടി ഹാജരാവുകയെന്നും അദ്ദേഹത്തിന് ഹാജരാവുന്നതില്‍ പ്രയാസമുള്ളതിനാല്‍ കേസ് നാളേക്കു വയ്ക്കണമെന്നുമാണ് ഇന്നലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ആദ്യം വാദിച്ചത്. നാളെ വാദം സാധ്യമല്ലെന്ന് ഉമ്മന്‍ചാണ്ടിക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. ഹരജി ഫയലില്‍ സ്വീകരിക്കുകയും നോട്ടീസ് അയക്കുകയുമാണ് തനിക്കു വേണ്ടതെന്ന് കപില്‍ സിബല്‍ പറഞ്ഞു. തുടര്‍ന്ന് കോടതി കേസില്‍ വാദം കേട്ടു. കേസില്‍ ഇടക്കാല ഉത്തരവ് ഇറക്കരുതെന്ന് വാദംകേള്‍ക്കലിനിടയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. കമ്മീഷന്‍ റിപോര്‍ട്ടിന്റെ തുടര്‍നടപടിയില്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്നില്ലെന്നും ഹരജിക്കാരന്റെ പ്രതിച്ഛായാ വിഷയത്തില്‍ ഒരു തീരുമാനമെടുക്കേണ്ടതുണ്ടെന്നും കോടതി വാക്കാല്‍ പറഞ്ഞു. തങ്ങളുടെ വാദം കേള്‍ക്കാതെ ഹരജിയില്‍ ഒരു ഉത്തരവും ഇറക്കരുതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ തുടര്‍ന്നു. കേസ് കുറച്ച് മണിക്കൂറുകള്‍ മാറ്റിവച്ചാല്‍ ഒന്നും സംഭവിക്കുകയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ തുടര്‍ന്നു വാദിച്ചു. സ്വകാര്യതയുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിതെന്നും അതിനാല്‍ കുറച്ച് സമയത്തുപോലും പലതും നടക്കുമെന്നും കോടതി മറുപടി നല്‍കി. തുടര്‍ന്ന് കത്തുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിക്കരുതെന്നു പറഞ്ഞപ്പോഴാണ് എന്നാല്‍ കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നതും തടയണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് കോടതി നിരസിച്ചു. ഹരജിക്കാരന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടാതിരിക്കാന്‍ ഉത്തരവ് അനിവാര്യമാണെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം കേസ് പരിഗണിച്ച് ഇടക്കാല ഉത്തരവിറക്കുകയായിരുന്നു.
Next Story

RELATED STORIES

Share it