സോളാര്‍ കേസ്: നേരിട്ട് തെളിവു ശേഖരിക്കല്‍; അന്വേഷണ കമ്മീഷനുകളുടെ ചരിത്രത്തിലാദ്യം

കൊച്ചി: ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകളുടെ ചരിത്രത്തിലെ തന്നെ ആദ്യസംഭവമാണ് സോളാര്‍ കേസിലെ നേരിട്ടുള്ള തെളിവു ശേഖരണം. അന്വേഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ബിജു രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് നേരിട്ട് തെളിവു ശേഖരിക്കാന്‍ മുതിര്‍ന്ന ജസ്റ്റിസ് ജി ശിവരാജന്‍ സ്വീകരിച്ച നടപടി ചരിത്രത്തിലാദ്യമാണെന്നാണു വിലയിരുത്തല്‍.
കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് 1952ലെ സെക്ഷന്‍ നാല് പ്രകാരമായിരുന്നു തെളിവായ സിഡി ഹാജരാക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ കമ്മീഷന്‍ നിയോഗിച്ചത്. കമ്മീഷന്റെ അധികാരം പൂര്‍ണമായും വിനിയോഗിക്കാന്‍ ധൈര്യപ്പെടുന്നത് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനാണ്. ഇന്ത്യയിലെ തന്നെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് അന്വേഷണ കമ്മീഷന്റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു ജുഡീഷ്യല്‍ ആക്ടിവിസം ഉണ്ടാവുന്നതെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. 1952ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ടില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍ക്കുള്ള അധികാരങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.
ആരെയും വിളിച്ചുവരുത്താനും എവിടെനിന്നും തെളിവു ശേഖരിക്കാനും രാജ്യത്തെ ഒരു നിയമവും കമ്മീഷന് തടസ്സമല്ലെന്ന് ആക്ടില്‍ വ്യക്തമാക്കുന്നു. തടവുശിക്ഷ അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിനു കൊണ്ടുപോയ കമ്മീഷന്‍ നടപടി പലരെയും ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണ കമ്മീഷനുകള്‍ വളരെ നിശ്ശബ്ദമായി അന്വേഷണം നടത്തി സര്‍ക്കാരിനു റിപോര്‍ട്ട് കൈമാറുന്ന ചടങ്ങാണ് ഇക്കാലമത്രയും നടന്നുവന്നത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചശേഷം കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 88 ജുഡീഷ്യല്‍ കമ്മീഷനുകളാണ് രൂപീകരിച്ചിട്ടുള്ളതെന്നാണു വിവരം.
അതില്‍ ബഹുഭൂരിപക്ഷം റിപോര്‍ട്ടുകളിലും സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. എന്നാല്‍, സോളാര്‍ അന്വേഷണ കമ്മീഷന്‍ എന്താണ് ജുഡീഷ്യല്‍ കമ്മീഷന്റെ യഥാര്‍ഥ അധികാരം എന്നു രാജ്യത്തിനു കാട്ടിക്കൊടുക്കുകയാണ്. ഭാവിയില്‍ അന്വേഷണ കമ്മീഷനുകളായി വരുന്ന ജഡ്ജിമാര്‍ക്ക് മാതൃകയാവുന്നതാണ് ശിവരാജന്‍ കമ്മീഷന്റെ നടപടികളെന്നു വിലയിരുത്തപ്പെടുന്നു.
Next Story

RELATED STORIES

Share it