സോളാര്‍ കേസ് ആരോപണങ്ങള്‍; ഗൂഢാലോചനയെപ്പറ്റി അന്വേഷണം വേണമെന്ന് യുഡിഎഫ്

തിരുവനന്തപുരം: സര്‍ക്കാരിനെ താഴെയിടാന്‍ സിപിഎമ്മും ബാറുടമകളും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്ന് യുഡിഎഫ് യോഗം. ഏതുതരം അന്വേഷണം വേണമെന്ന് സര്‍ക്കാരിനു തീരുമാനിക്കാം. അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുന്നില്ലെന്നും യുഡിഎഫ് നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു.
സാളാര്‍ വിഷയത്തില്‍ കഴിഞ്ഞ രണ്ടരവര്‍ഷം പറഞ്ഞിരുന്ന കാര്യങ്ങളല്ല സരിത ഇപ്പോള്‍ പറയുന്നത്. മൊഴിമാറ്റി പറയാന്‍ എംഎല്‍എ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ 10 കോടിയും വീടും വാഗ്ദാനം ചെയ്‌തെന്ന് അവര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. അന്നു നല്‍കിയ വാഗ്ദാനം സിപിഎം പാലിച്ചെന്നും സരിത അത് സ്വീകരിച്ചെന്നും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാവുമെന്നും തങ്കച്ചന്‍ പറഞ്ഞു
സരിതയുടെ ആരോപണങ്ങളെ വിശ്വസിക്കുന്നില്ലെങ്കിലും അതിനുപിന്നില്‍ ഗൂഢാലോചനയെന്ന പ്രചാരണം മാത്രം പോരെന്നും പിന്നിലുള്ളവര്‍ ആരെന്നു കണ്ടെത്താന്‍ അന്വേഷണം വേണമെന്നുമായിരുന്നു യോഗത്തിന്റെ പൊതുവായ ആവശ്യം. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ തനിക്കറിയാമെന്ന് ഗണേഷ്‌കുമാര്‍ അടുത്തിടെ ഭീഷണി മുഴക്കിയതായും യോഗത്തില്‍ മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. അതുപോലെ സോളാര്‍ കേസില്‍ പ്രതിരോധത്തിന് പകരം പ്രത്യാക്രമണതന്ത്രം സ്വീകരിക്കണം. ബാബുവിന്റെ രാജി നിരസിക്കുന്നതിനൊപ്പം മാണിയെക്കൂടി മന്ത്രിസഭയിലേക്കു തിരിച്ചുകൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി യുഡിഎഫിന്റെ ഗ്രാഫ് താഴേക്കു പോവുകയാണെന്നായിരുന്നു കക്ഷികളുടെ പരാതി. ഈ പശ്ചാത്തലത്തില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്റെ ഭാഗം മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍, പലതരത്തിലുള്ള ചോദ്യങ്ങളുമായി നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ടു. അതൊക്കെ അദ്ദേഹം നിഷേധിച്ചു. വിഷ്ണുനാഥുമായി ബന്ധപ്പെടുത്തി സരിത ഉന്നയിച്ച ആരോപണവും ഉമ്മന്‍ചാണ്ടി നിഷേധിച്ചു. ബന്ധപ്പെട്ട രേഖകള്‍ വരുത്തുകയും പരിശോധിച്ച് അതു വാസ്തവമല്ലെന്ന് ഘടകകക്ഷിനേതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സംസാരിച്ച ഷിബു ബേബിജോണ്‍ ആരോപണങ്ങളില്‍ അഗ്‌നിശുദ്ധിവരുത്തണമെന്ന അഭിപ്രായം മുന്നോട്ടുവച്ചു. ഇതിനിടയില്‍ സംസാരിച്ച ജോണി നെല്ലൂര്‍ അന്വേഷണാവശ്യം ഉന്നയിച്ചു. ഇപ്പോഴത്തെ ഹൈക്കോടതി സ്‌റ്റേയൊക്കെ ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍, വെറുതെ ഗൂഢാലോചനയെന്നു പറഞ്ഞാല്‍ മാത്രം പോര, വ്യക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇത്തരത്തിലൊരു അന്വേഷണം പ്രഖ്യാപിച്ചാല്‍ അതു സരിതയെ പീഡിപ്പിക്കാനാണെന്നും തെളിവ് നശിപ്പിക്കാനാണെന്നും അടുത്ത ആരോപണം ഉയരില്ലേയെന്ന് മന്ത്രി രമേശ് ചെന്നിത്തല സംശയം ഉന്നയിച്ചു. ഇതിനുശേഷമാണ് ബാബുവിന്റെ രാജിയില്‍ തന്റെ നിലപാട് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. താന്‍ അത് വാങ്ങിയിട്ടില്ലെന്നും ബാബുവിന്റെ പേരില്‍ മറ്റ് കുറ്റങ്ങളോ കോടതി പരാമര്‍ശമോയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നെങ്കിലും ഒരേ മുന്നണിയില്‍ രണ്ടു രീതി പാടില്ലെന്ന് ജോണിനെല്ലൂര്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ മാണിയോട് മന്ത്രിസഭയില്‍ മടങ്ങിയെത്താന്‍ അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്.
Next Story

RELATED STORIES

Share it