സോളാര്‍: കമ്മീഷന് മുമ്പില്‍ ഹാജരായവരുടെ വാദങ്ങളും പരിഗണിക്കണമെന്ന് സര്‍ക്കാര്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപോര്‍ട്ടിനെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സമര്‍പ്പിച്ച ഹരജികളില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ ഇടപെടല്‍ അപേക്ഷകള്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. കമ്മീഷന്‍ സിറ്റിങില്‍ തെളിവ് നല്‍കിയവര്‍ക്കെല്ലാം അവസരം നല്‍കുന്നത് ന്യായമാണെന്ന് ഇന്നലെ ഹരജി പരിഗണനയ്ക്ക് വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. കമ്മീഷന് മുന്നില്‍ ഹാജരായ എല്ലാവരും അപേക്ഷയുമായി വരുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചു. കോടതിയെ കമ്മീഷനായി കാണരുത്. കമ്മീഷന്‍ റിപോര്‍ട്ട് ആര്‍ക്കെങ്കിലും പ്രശ്‌നമായി തോന്നുകയാണെങ്കില്‍ അവര്‍ക്ക് ഹരജി സമര്‍പ്പിക്കാവുന്നതാണ്. എന്തിനാണ് മറ്റുള്ളവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാന്‍ അപേക്ഷ നല്‍കുന്നത്. ആവശ്യമെന്നു തോന്നിയാല്‍ മാത്രമേ ഇത്തരം അപേക്ഷകള്‍ പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കി. സോളാര്‍ കമ്മീഷന് മുന്നില്‍ താന്‍ 2500 മണിക്കൂറോളം ചെലവഴിച്ചതാണെന്ന് ജോണ്‍ ജോസഫ് എന്ന അഭിഭാഷകന്‍ വാദിച്ചു. തന്നെ കക്ഷി ചേര്‍ക്കണമെന്ന് കെ സുരേന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകയും വാദിച്ചു. ഇക്കാര്യങ്ങള്‍ അടുത്ത വാദം കേള്‍ക്കലില്‍ മാത്രമേ തീരുമാനിക്കൂയെന്ന് കോടതി വ്യക്തമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയില്‍ മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. മറുപടി നല്‍കാന്‍ സര്‍ക്കാരിന് രണ്ടാഴ്ച സമയം അനുവദിച്ച കോടതി കേസ് ഈ മാസം 19ലേക്ക് മാറ്റി. അന്ന് ഹരജികളിലെ അന്തിമവാദം നടത്തേണ്ട തിയ്യതി ഹരജിക്കാരും എതിര്‍കക്ഷികളും കോടതിയെ അറിയിക്കണം.
Next Story

RELATED STORIES

Share it