Flash News

സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് മനോവിഷമവും പ്രയാസവുമുണ്ടാക്കിയെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍



കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ പാര്‍ട്ടിയുടെ അഭിപ്രായരൂപീകരണത്തിനായി വിളിച്ച അടിയന്തര സെക്രേട്ടറിയറ്റ് യോഗത്തില്‍ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. പാര്‍ട്ടി പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈ റിപോര്‍ട്ട് തനിക്കു മാനസികമായി വിഷമവും പ്രയാസവുമുണ്ടാക്കിയെന്നു യോഗത്തില്‍ തുറന്നു പറഞ്ഞു. കുടുംബത്തിലെ ഒരംഗത്തിന്റെ പേര് റിപോര്‍ട്ടിലുള്‍പ്പെട്ടതാണു തങ്ങള്‍ക്കു മനപ്രയാസത്തിനു കാരണം. ബഷീറലി തങ്ങളുടെ പേര് കമ്മീഷന്‍ റിപോര്‍ട്ടില്‍ ഉയര്‍ന്നുവന്നത് മുസ്‌ലിംലീഗിന് കടുത്ത ക്ഷീണമുണ്ടാക്കിയതായി ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അഭിപ്രായപ്പെട്ടു. സരിത തന്റെ ഓഫിസില്‍ വരികയോ താനവരെ ആരുടെയെങ്കിലും അടുത്തേക്കു പറഞ്ഞുവിടുകയോ ചെയ്തിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ തന്നെയും ബഷീറലി തങ്ങളെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കെട്ടിച്ചമച്ച സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിനെതിരേ ശക്തമായി പ്രതികരിക്കണമെന്നായിരുന്നു കെ എം ഷാജിയുടെ അഭിപ്രായം. ധാര്‍മികവും വിശ്വാസപരവുമായ അടിത്തറയുള്ള പാര്‍ട്ടിയാണ് മുസ്‌ലിംലീഗെന്നും ആ പശ്ചാത്തലത്തില്‍ നിന്നു മാത്രമേ ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം അഭിപ്രായം പറയാന്‍ പാടുള്ളൂവെന്നും അബ്ദുസ്സമദ് സമദാനി പറഞ്ഞു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടിക്കു പിന്നില്‍ ലീഗ് ശക്തമായി നിലകൊള്ളണമെന്ന അഭിപ്രായമാണുയര്‍ന്നുവന്നത്. രാഷ്ട്രീയ നേതാക്കളുടെ ജീര്‍ണത പാര്‍ട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന അവസ്ഥയുണ്ടാക്കരുതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ ഒറ്റക്കെട്ടായി മുന്നണിയെ നിലനിര്‍ത്തുന്നതിനു മുസ്‌ലിംലീഗ് നേതൃപരമായ പങ്ക് വഹിക്കണമെന്നായിരുന്നു എം സി മായിന്‍ഹാജി പറഞ്ഞത്. ഈ വിഷയത്തില്‍ പാര്‍ട്ടിയുടേത് സത്യസന്ധവും സുതാര്യവുമായ നിലപാടായിരിക്കണമെന്ന് കെ എസ് ഹംസ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെയോ ബഷീറലി തങ്ങള്‍ക്കെതിരെയോ രൂക്ഷ വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നുവന്നിട്ടില്ല. മറ്റു വിഷയങ്ങള്‍ ഉന്നയിക്കാനുള്ള അവസരത്തില്‍ സുന്നി-മുജാഹിദ് വിവാദം ഇപ്പോഴും തുടരുകയാണെന്ന് എം ഐ തങ്ങള്‍ പറഞ്ഞു. മുസ്‌ലിംലീഗിന്റെ വോട്ട് ബാങ്കും അടിത്തറയുമാണ് മുജാഹിദുകള്‍ എന്ന ഓര്‍മ നേതൃത്വത്തിനുണ്ടാവണം. ലീഗല്ലാത്ത പാര്‍ട്ടികളുമായി മുജാഹിദുകള്‍ സഹകരിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ മുസ്‌ലിംലീഗ് നേതൃത്വം ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് ക്ഷണിക്കാതിരുന്ന നടപടിക്കെതിരേ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ രംഗത്തുവന്നു. തങ്ങളുടെ അവകാശം ഹനിക്കരുതെന്ന് ആവശ്യപ്പെട്ട് കെ എസ് ഹംസയും സി പി ബാവഹാജിയും യു എ ലത്തീഫും ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടിരുന്നു. തുടര്‍ന്ന് അവരെയും യോഗത്തില്‍ പങ്കെടുപ്പിച്ചു.
Next Story

RELATED STORIES

Share it