സോളാര്‍ കമ്മീഷന്‍; മറുപടിയില്‍ ഉറച്ചുനില്‍ക്കുന്നതായിരമേശ് ചെന്നിത്തല

തിരുവനന്തപുരം: സോളാര്‍ കമ്മീഷനു നല്‍കിയ മറുപടിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കി. ഭാര്യയുടെ കൊലപാതകത്തിലും 60ല്‍പ്പരം കേസുകളിലും പെട്ട ഒരു കൊടുംകുറ്റവാളിയുടെ വാക്കുകേട്ട് സിഡിക്കു പിന്നാലെപോയി ഇളിഭ്യരായ പ്രതിപക്ഷം അതില്‍നിന്നു രക്ഷനേടാന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
താന്‍ സോളാര്‍ കമ്മീഷനെ ഭീഷണിപ്പെടുത്തിയിട്ടില്ല. കമ്മീഷന് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് ആഭ്യന്തരവകുപ്പാണ്. എന്നുകരുതി സോളാര്‍ കമ്മീഷന്‍ ഒരു ജഡ്ജിയും കോടതിയുമൊന്നുമല്ല. പോലിസിനെയും മാധ്യമങ്ങളെയും വിമര്‍ശിച്ചാല്‍ മറുപടി പറയാന്‍ തനിക്കു ബാധ്യതയുണ്ട്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതിയെ കൊണ്ടുപോവുമ്പോള്‍ വേണ്ടത്ര സുരക്ഷ വേണമായിരുന്നു. അതേക്കുറിച്ചാണു പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുന്നു. ഇതിനിടയില്‍ ബിജു രാധാകൃഷ്ണന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍ പ്രതിപക്ഷം തനിക്കെതിരേ ആരോപണമുന്നയിക്കുമായിരുന്നു. അതുകൊണ്ട് പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ അപഹാസ്യരാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ടവരുടെ മൊഴി തെളിവായി സ്വീകരിക്കാന്‍ പാടില്ലെന്ന് ഇന്ത്യന്‍ തെളിവുനിയമത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നു കെ സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. ബിജുവിന്റെ സിഡിയില്‍ തങ്ങള്‍ രോമാഞ്ചം കൊള്ളുന്നില്ല. അത് സത്യമാവാതിരിക്കട്ടെയെന്ന പ്രാര്‍ഥന മാത്രമാണുള്ളതെന്നും കുറുപ്പ് പറഞ്ഞു. സോളാര്‍ കമ്മീഷനെയും സര്‍ക്കാരിന്റെ വഴിക്കു കൊണ്ടുപോവാനാണ് സര്‍ക്കാര്‍ ശ്രമമെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും ഓഫിസിനുമെതിരേ തെളിവ് ലഭിച്ച സാഹചര്യത്തില്‍ കമ്മീഷനെ സമ്മര്‍ദ്ദത്തിലാക്കാനാണു നീക്കം. റിപോര്‍ട്ട് വൈകിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എംഎല്‍എ പി എ മാധവനെ ഈ കേസില്‍ പ്രതിയാക്കാന്‍ കഴിയും. അതാണ് കമ്മീഷന്‍ നോട്ടീസയച്ചത്. ഉടന്‍ അതു മുഖ്യമന്ത്രിക്കും ലഭിക്കുമെന്നും വിഎസ് പറഞ്ഞു. എന്നാല്‍, സോളാര്‍ കേസുമായി പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കൊരു ബന്ധവുമില്ലെന്ന് പി എ മാധവന്‍ വിശദീകരിച്ചു. രാജ്യത്തെ എല്ലാ നിയമവ്യവസ്ഥകളെയും ആദരിക്കുന്നയാളാണ് താനെന്നും തന്നെക്കുറിച്ചു പ്രതിപക്ഷനേതാവ് നടത്തിയ തെറ്റായ പരാമര്‍ശങ്ങള്‍ രേഖയിലുണ്ടാവരുതെന്നും മാധവന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it