സോളാര്‍ കമ്മീഷന്‍ ഇന്ന് മുഖ്യമന്ത്രിയെ വിസ്തരിക്കും

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കും. രാവിലെ 10ന് തൈക്കാട് ഗസ്റ്റ് ഹൗസിലാവും മുഖ്യമന്ത്രി കമ്മീഷനു മുമ്പാകെ ഹാജരാവുക. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥമാണ് കമ്മീഷന്‍ വിസ്താരം തിരുവനന്തപുരത്താക്കിയത്. കമ്മീഷന്‍ നേരത്തേ മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മൊഴിയെടുക്കുന്നത്. തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ജുഡിഷ്യല്‍ കമ്മീഷന്റെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും പേഴ്‌സനല്‍ സ്റ്റാഫിനും അടുത്ത ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നാണ് ആരോപണം. നിയമസഭയിലും പുറത്തും ആരോപണങ്ങളുയര്‍ന്നതിനു പുറമേ കമ്മീഷനില്‍ ചില സാക്ഷികളും ഇതുസംബന്ധിച്ച് മൊഴി നല്‍കി. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെയും പേഴ്‌സനല്‍ സ്റ്റാഫംഗങ്ങളെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയത്.
പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്‍, ജോപ്പന്‍, മുന്‍ ഗണ്‍മാന്‍ സലിംരാജ് എന്നിവരെ നേരത്തേ കമ്മീഷന്‍ വിസ്തരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍നിന്നു സരിതയെ വിളിച്ചതായി സലിംരാജ് മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനും വിസ്തരിക്കും. തനിക്ക് നേരിട്ട് മുഖ്യമന്ത്രിയെ വിസ്തരിക്കണമെന്ന് ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷന്‍ അത് നിരസിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it