സോളാര്‍ കമ്മീഷനെ ഭീഷണിപ്പെടുത്തിയിട്ടില്ല

തിരുവനന്തപുരം: സോളാര്‍ കമ്മീഷനെ താന്‍ വിമര്‍ശിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സോളാര്‍ കമ്മീഷനെ മന്ത്രി പരസ്യമായി ശാസിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതി കസ്റ്റഡിയില്‍ നിന്നു ചാടിപ്പോവാന്‍ ഇടയുണ്ടെന്ന റിപോര്‍ട്ടിനെത്തുടര്‍ന്നാണ് പോലിസ് സുരക്ഷ ഒരുക്കിയത്. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതിയാണ് ബിജു രാധാകൃഷ്ണന്‍. അത്തരമൊരു പ്രതിയെ കൊണ്ടുപോവുമ്പോള്‍ മതിയായ സുരക്ഷ ഒരുക്കേണ്ടത് പോലിസിന്റെ ചുമതലയാണ്. രാത്രി വളരെ വൈകിയാണ് തെളിവ് എടുക്കാന്‍ കൊണ്ടുപോയത്. കേരള അതിര്‍ത്തി കടന്നുപോവുമെന്ന് കണ്ടപ്പോഴാണ് മതിയായ സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലിസ് തീരുമാനിച്ചത്. ടിവിയില്‍ ലൈവ് കണ്ടാണ് അക്കാര്യം അറിഞ്ഞത്. ഉടന്‍ കമ്മീഷന്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഡിജിപിയാണ് കൂടുതല്‍ പോലിസിനെ നിയോഗിച്ചത്. അങ്ങനെ ചെയ്യാതെ പ്രതി ചാടിപ്പോയിരുന്നെങ്കില്‍ പഴി പോലിസിന് ആവുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സോളാര്‍ കമ്മീഷന്‍ മാധ്യമങ്ങളേയും പോലിസിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പോലിസ് ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ഞാന്‍ ചെയ്തതെന്നും അല്ലാതെ കമ്മീഷനെ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ജയിലില്‍ കിടക്കുന്ന ഒരു പുള്ളിയെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോവുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. കമ്മീഷന്‍ ജഡ്ജിയോ കോടതിയോ അല്ല. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
സ്പീക്കറുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് സഭാനടപടികളുടെ സുഗമമായ നടത്തിപ്പിനു യോജിച്ചതല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്പീക്കറെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായം മാനിച്ചാണ് സ്പീക്കര്‍ തീരുമാനമെടുക്കുന്നത്. സ്പീക്കറുടെ തീരുമാനത്തോട് സഹകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിക്കുന്നതും പ്രചാരണം നടത്തുന്നതും ശരിയായ നടപടിയല്ല. പൊതുസമൂഹം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
Next Story

RELATED STORIES

Share it