സോളാര്‍ കമ്മീഷനെ നിര്‍വീര്യമാക്കാന്‍ സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം വീണ്ടും സഭ ബഹിഷ്‌കരിച്ചു. മന്ത്രിയും അഭിഭാഷകരും സോളാര്‍ കമ്മീഷനെതിരേ അതിരുവിട്ട ആക്ഷേപങ്ങള്‍ നടത്തി കമ്മീഷന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ നിരാകരിച്ചു. ഇതേതുടര്‍ന്നാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.
50 മിനിറ്റോളം സഭ നിര്‍ത്തിവച്ച സ്പീക്കര്‍ ഇരുപക്ഷവുമായി ചര്‍ച്ച നടത്തി. എന്നാല്‍, ഇതിനു ശേഷം സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിക്കുകയായിരുന്നു. ജുഡീഷ്യല്‍ കമ്മീഷനെക്കുറിച്ചുള്ള വിഷയം സഭയില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും ഇത് സഭയുടെ ചട്ടങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിരുദ്ധമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാനാവില്ലെന്നും സ്പീക്കര്‍ നിലപാടെടുത്തു.
എന്നാല്‍, ജുഡീഷ്യല്‍ കമ്മീഷനെപ്പറ്റിയല്ല, കമ്മീഷനെ മന്ത്രി ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചത് ചര്‍ച്ച ചെയ്യണമെന്നാണ് തങ്ങളുടെ ആവശ്യമെന്നു മാത്യു ടി തോമസ് പറഞ്ഞു. കമ്മീഷന്റെ ഫലപ്രദമായ അന്വേഷണത്തിന് സഹായകരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനും അതിന്റെ ഭാഗമായിട്ടുള്ളവര്‍ക്കും ബാധ്യതയുണ്ട്. 'വിചാരണയുടെ പേരില്‍ കണ്ട വായിനോക്കികളുടെ മുന്നില്‍ മുഖ്യമന്ത്രിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെട്ടു' എന്നായിരുന്നു ഷിബുബേബി ജോണിന്റെ പരാമര്‍ശം. ഇത് കമ്മീഷനെ അവഹേളിക്കലാണ്. മുഖ്യമന്ത്രിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും അഭിഭാഷകര്‍ തന്നെ അവഹേളിക്കുകയാണെന്ന് കമ്മീഷന്‍ തന്നെ നിരീക്ഷിച്ചു. നീതിന്യായ സംവിധാനങ്ങളില്‍ പരാതി കൊടുക്കുന്നവര്‍ ആക്രമിക്കപ്പെടുകയും വിധി പ്രസ്താവം നടത്തുന്നവരുടെ ശവമഞ്ചം പേറുകയും ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയെ ചവിട്ടിമെതിക്കുന്നതിനു തുല്യമാണെന്നും മാത്യു ടി തോമസ് പറഞ്ഞു.
Next Story

RELATED STORIES

Share it