സോളാര്‍ കമ്മീഷനെതിരേ അഭിഭാഷക അസോസിയേഷന്‍

കൊച്ചി: അഭിഭാഷകവൃത്തിയുടെ മാന്യതയ്ക്കും അന്തസ്സിനും കളങ്കം വരുത്തുന്ന നടപടികള്‍ സോളാര്‍ കമ്മീഷനില്‍ നിന്നുണ്ടാവുന്നത് നിര്‍ഭാഗ്യകരമാണെന്ന് കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി. സമീപകാലത്ത് സോളാര്‍ കമ്മീഷനില്‍ ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കമ്മീഷന്‍ പരാമര്‍ശം നടത്തുകയും ബാര്‍ കൗണ്‍സിലില്‍ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളായ സീനിയര്‍ അഭിഭാഷകര്‍ നല്‍കിയ പരാതിയുടെയും പത്രവാര്‍ത്തകളുടെയും പശ്ചാത്തലത്തിലാണ് വിഷയം എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്തത്. ഹാജരാവുന്ന അഭിഭാഷകര്‍ക്കെതിരേ നടത്തുന്ന പരാമര്‍ശങ്ങള്‍ കമ്മീഷന്റെ പദവിക്ക് ഇകഴ്ച ഉണ്ടാക്കുന്നതാണ്. അഭിഭാഷകരും ന്യായാധിപരും നീതിന്യായ സംവിധാനത്തിന്റെ ഭാഗമാണെന്നിരിക്കെ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവുന്നത് നീതിന്യായ സംവിധാനത്തിന് ഗുണകരമാവില്ല. പരസ്പര ബഹുമാനത്തോടെ യോജിച്ചു പ്രവര്‍ത്തിക്കുന്നതാണ് നീതി നിര്‍വഹണത്തിന്റെ നിലനില്‍പിന് അഭികാമ്യമെന്നും കമ്മിറ്റി ഐകകണ്‌ഠേന അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it