സോളാര്‍ കമ്മീഷനെതിരായ വിമര്‍ശനം: പി പി തങ്കച്ചന്‍ മാപ്പപേക്ഷിച്ചു

കൊച്ചി: സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനെ വിമര്‍ശിച്ചതിന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അഭിഭാഷകന്‍ മുേഖന കമ്മീഷന്‍ മുമ്പാകെ നിരുപാധികം മാപ്പപേക്ഷിച്ചു. ഇന്നലെയാണ് തങ്കച്ചന്‍ അഭിഭാഷകരായ പി ശാന്തലിംഗം, പുളിക്കൂല്‍ അബൂബക്കര്‍ എന്നിവര്‍ മുഖേന കമ്മീഷന് മാപ്പപേക്ഷിച്ചുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഫെബ്രുവരി 15ന് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ പി പി തങ്കച്ചന്‍ നടത്തിയ പ്രസ്താവന കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാ—ട്ടി വിശദീകരണമാവശ്യപ്പെട്ട് കഴിഞ്ഞ മാസം 18ന് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് നിര്‍വ്യാജം ഖേദിക്കുന്നതായുള്ള സത്യവാങ്മൂലം തങ്കച്ചന്‍ സമര്‍പ്പിച്ചത്.
തന്റെ പ്രസ്താവന പെട്ടെന്നുള്ള വികാരാവേശത്തില്‍നിന്നുമുണ്ടായതാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. യഥാര്‍ഥ വസ്തുതകള്‍ പഠിക്കാതെയും ചുറ്റുമുള്ള ചിലരുടെ അപക്വമായ അഭിപ്രായങ്ങള്‍ വിശ്വസിച്ചും നടത്തിയ പ്രസ്താവന കമ്മീഷന് പ്രയാസമുണ്ടാക്കിയതില്‍ ഖേദിക്കുന്നു. പെട്ടെന്നുള്ള ക്ഷോഭത്തില്‍ നിഷ്ഠുരമായ പ്രസ്താവനയാണ് താന്‍ നടത്തിയത്. യഥാര്‍ഥ വസ്തുതയെന്തെന്ന് ഉറപ്പുവരുത്താതെ കമ്മീഷനെതിരേ ക്ഷോഭം പ്രകടിപ്പിച്ചത് തെറ്റായിപ്പോയി. കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്ന് പ്രസ്താവന നടത്തിയതില്‍ ഖേദിക്കുന്നു. കമ്മീഷന്റെ മുന്നിലെത്തുന്ന വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചകളും കൂട്ടായ തീരുമാനങ്ങളുമാണുണ്ടാവാറുള്ളതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ താന്‍ നടത്തിയത് വ്യക്തിപരമായ പ്രതികരണമാണ്. അത് യുഡിഎഫിന്റെയോ സര്‍ക്കാരിന്റെയോ പ്രതികരണമല്ലെന്നും പി പി തങ്കച്ചന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സത്യവാങ്മൂലം ഫയലില്‍ സ്വകീരിച്ച കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ ഇത് പരിഗണിക്കുന്നത് ഈ മാസം 11ലേക്ക് മാറ്റി. തങ്കച്ചനൊപ്പം സംസ്ഥാനസര്‍ക്കാരിനും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ വിശദീകരണം കൂടി കിട്ടിയാലേ തങ്കച്ചന്റെ സത്യവാങ്മൂലത്തില്‍ കമ്മീഷന് നടപടിക്രമം പൂര്‍ത്തിയാക്കാനാവൂ. സര്‍ക്കാര്‍ വിശദീകരണം നാളെ സമര്‍പ്പിക്കുമെന്ന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ റോഷന്‍ ഡി അലക്‌സാണ്ടര്‍ കമ്മീഷനെ അറിയിച്ചു. നാളെ കമ്മീഷന്‍ സരിതയെയും വിസ്തരിക്കും.
അതേസമയം സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ താന്‍ നേരില്‍ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ ടി സിദ്ദിഖ് ഇന്നലെ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാമന്‍ മുമ്പാകെ മൊഴി നല്‍കി. 2013 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സരിതയുടെ ഫോണുകളില്‍ നിന്നായി തന്റെ ഫോണിലേക്ക് വന്ന കമ്മീഷന്‍ ശേഖരിച്ച ഫോണ്‍വിളി രേഖകളില്‍ പറയുന്ന എട്ട് കോളുകളും താന്‍ നേരിട്ട് സംസാരിച്ചവയല്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. താന്‍ സരിതയെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. —താനുമായി കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് എന്നൊക്കെയുള്ള സരിതയുടെ മൊഴി തെറ്റാണെന്നും സിദ്ദിഖ് പറഞ്ഞു. വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമേ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് ടെനി ജോപ്പന്റെ ഫോണിലേക്ക് വിളിച്ചിട്ടുള്ളൂവെന്നും അദ്ദേഹം മൊഴി നല്‍കി.
Next Story

RELATED STORIES

Share it