Flash News

സോളാര്‍ : എല്‍ഡിഎഫ് വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും



തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിലെ കണ്ടെത്തലുകളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ജനങ്ങളോട് വിശദീകരിക്കാന്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. നിയമസഭയില്‍ വച്ച കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും പുറത്തുവന്നതോെട ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളുടെ യഥാര്‍ഥ മുഖം പുറത്തായെന്നു യോഗം വിലയിരുത്തി. എല്‍ഡിഎഫ് നടത്തിയ ശക്തമായ സമരത്തിന്റെ ഫലമായിട്ടാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. എല്‍ഡിഎഫ് സമരങ്ങളെ ശരിവയ്ക്കുന്നതാണ് കമ്മീഷന്റെ കണ്ടെത്തലുകള്‍. അഡ്ജസ്റ്റ്‌മെന്റ് സമരമാണ് എല്‍ഡിഎഫ് നടത്തുന്നതെന്ന് ആരോപിച്ചവര്‍ക്കുള്ള മറുപടിയാണ് കമ്മീഷന്‍ റിപോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട യുഡിഎഫ് നേതാക്കള്‍ അവരുടെ സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിര്‍മാണമേഖലയിലെ മണല്‍, കരിങ്കല്‍ ലഭ്യതക്കുറവുമൂലം വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ ഇടപെട്ട് ഈ പ്രശ്‌നം പരിഹരിക്കണം. ഗതാഗതമന്ത്രി തോമസ് ചാണ്ടിയെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ജില്ലാ കലക്ടറുടെ റിപോര്‍ട്ടിന്‍മേല്‍ എജിയുടെ നിയമോപദേശം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാന്‍ യോഗം മുഖ്യമന്ത്രിയോട് ശുപാര്‍ശചെയ്തതായും കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it