Districts

സോളാര്‍: എംഎല്‍എയുടെ ഹരജി കമ്മീഷന്‍ തള്ളി

കൊച്ചി: സോളാര്‍ കമ്മീഷനില്‍ ഹാജരാവാതിരിക്കാനായി തൃശൂര്‍ മണലൂര്‍ നിയോജകമണ്ഡലം എംഎല്‍എ പി എ മാധവന്‍ സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ തള്ളി. കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്റ്റ് 1952 നിയമത്തിലെ സെക്ഷന്‍ 8(ബി) പ്രകാരം എതിര്‍ സാക്ഷികളെ വിസ്തരിച്ച—ശേഷം വേണം പ്രധാനസാക്ഷിയായ തന്നെ വിസ്തരിക്കാന്‍ എന്ന എംഎല്‍എയുടെ വാദമാണ് കമ്മീഷന്‍ തള്ളിയത്. എംഎല്‍എയുടെ വാദം തള്ളിയ കമ്മീഷന്‍ അദ്ദേഹത്തോട് കമ്മീഷന്‍ മുമ്പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ട് പുതിയ സമന്‍സ് അയക്കും.
എംഎല്‍എയ്ക്ക് സമന്‍സ് അയച്ചതില്‍ യാതൊരു നിയമരാഹിത്യവുമില്ല. കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്റ്റിലെ 1952 സെക്ഷന്‍ 4 പ്രകാരം അന്വേഷണപരിധിയിലുള്ള ആരെ വേണമെങ്കിലും മൊഴിയെടുക്കാനായി വിളിപ്പിക്കാന്‍ കമ്മീഷന് അധികാരമുണ്ട്. എംഎല്‍എയുടെ സാന്നിധ്യം അന്വേഷണത്തിന്റെ ഭാഗമാണെങ്കില്‍ അദ്ദേഹത്തിന്റെ മൊഴിയെടുക്കണമെന്നും കമ്മീഷന്‍ വിധിപ്രസ്താവനയില്‍ അറിയിച്ചു. എംഎല്‍എയുടെ കാര്യത്തില്‍ നിലവില്‍ മൊഴിനല്‍കാന്‍ മറ്റു സാക്ഷികളൊന്നും വരാനില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
അതേസമയം, ഇന്നലെ സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴിനല്‍കേണ്ടിയിരുന്ന ബിജു രാധാകൃഷ്ണനെ ഹാജരാക്കുന്നതില്‍ വീഴ്ചവരുത്തിയ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. മൂവാറ്റുപുഴ ജെഎംസിസി കോടതിയില്‍ ബിജു രാധാകൃഷ്ണന്റെ പേരിലുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോവുന്നു എന്നാണ് ജയില്‍സൂപ്രണ്ട് കമ്മീഷനെ രേഖാമൂലം അറിയിച്ചിരുന്നത്. എന്നാല്‍, കമ്മീഷന്റെ അന്വേഷണത്തില്‍ മൂവാറ്റുപുഴ കോടതിയില്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നില്ലെന്ന വിവരമാണു ലഭിച്ചത്. ഇതേത്തുടര്‍ന്ന് ജയില്‍സൂപ്രണ്ടിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയ കമ്മീഷന്‍ സാഹചര്യം ഗുരുതരമാണെന്നും വ്യക്തമാക്കി.
ജയില്‍സൂപ്രണ്ടിന്റേത് കമ്മീഷനെ തരംതാഴ്ത്തുന്ന നടപടിയാണെന്നും ജസ്റ്റിസ് ജി ശിവരാജന്‍ നിരീക്ഷിച്ചു. ബിജു രാധാകൃഷ്ണനെതിരായി മൂവാറ്റുപുഴ കോടതി പുറപ്പെടുവിച്ച വാറന്റിനെക്കുറിച്ചുള്ള വിവരം ജയില്‍സൂപ്രണ്ട് കമ്മീഷനോട് മറച്ചുവച്ചതില്‍ ദുരൂഹതയുണ്ട്. ജയില്‍സൂപ്രണ്ടിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടും. വിഷയത്തില്‍ 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ജി ശിവരാജന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it