സോളാര്‍: അന്തിമ റിപോര്‍ട്ട് മൂന്നു മാസത്തിനകം

കൊച്ചി: സോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മൂന്നു മാസത്തിനകം അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കും. ഈ സാഹചര്യത്തില്‍ ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിക്കില്ലെന്ന് ജസ്റ്റിസ് ജി ശിവരാജന്‍ വ്യക്തമാക്കി.
കമ്മീഷന്‍ മുമ്പാകെ ഹാജരാവുന്നതില്‍ വീഴ്ചവരുത്തുന്ന സാക്ഷികള്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കമ്മീഷന്‍ ഉത്തരവിട്ടു. സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതിയായ സരിത നായര്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഹാജരാവുന്നതില്‍ വീഴ്ചവരുത്തുന്നതിനാല്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെയാണ് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
കമ്മീഷന്റെ തുടര്‍നടപടികള്‍ സംബന്ധിച്ച് വിലയിരുത്താന്‍ തിങ്കളാഴ്ച സോളാര്‍ കമ്മീഷനിലെ കക്ഷികളുമായി നടത്തിയ യോഗത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചായിരുന്നു കമ്മീഷന്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്മീഷനില്‍ കൃത്യമായി ഹാജരാവുന്നതിന് സര്‍ക്കാരിന്റെ സഹായം തേടും. സാക്ഷികള്‍ ഹാജരാവുന്നില്ലെങ്കില്‍ ക്രിമിനല്‍ നിയമപ്രകാരം അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. സരിതയുടെ വിസ്താരത്തിനു ശേഷം പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ മൊഴിയെടുക്കും. ബാക്കിയുള്ള സാക്ഷികളുടെ മൊഴിയെടുക്കല്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കും. അവശേഷിക്കുന്ന സാക്ഷികള്‍ ഹാജരാവുന്നതിനുള്ള ലിസ്റ്റ് ഉടന്‍ തയ്യാറാക്കുമെന്നും ജസ്റ്റിസ് ശിവരാജന്‍ ഉത്തരവില്‍ അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുന്‍ നിശ്ചയപ്രകാരം 25ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ രാവിലെ 11 മണിക്ക് വിസ്തരിക്കും. 28ന് സരിത എസ് നായരെ വിസ്തരിക്കാന്‍ ബിജു രാധാകൃഷ്ണനെ അനുവദിക്കും. പത്തനംതിട്ട ജയിലില്‍ വച്ച് ദേഹപരിശോധനയ്ക്കിടെ ജയില്‍വാര്‍ഡന്‍മാര്‍ സരിതയില്‍നിന്ന് പിടിച്ചെടുത്ത 42 പേജുള്ള കത്ത് ഹാജരാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
58 കേസുകളില്‍ പ്രതിയായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബിജുവിന് മുഖ്യമന്ത്രിയെ ചോദ്യംചെയ്യാന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ ബിജുവിന് അഭിഭാഷകനെ വയ്ക്കാമെന്നും ഇതിനായി ബിജുവിന് അഭിഭാഷകനെ കാണാന്‍ അവസരമൊരുക്കുന്നതിന് ജയില്‍ അധികൃതര്‍ക്ക് ഉത്തരവു നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it