Articles

സോഫ്റ്റ്‌വെയറും ആരോഗ്യവും

ശാസ്ത്രവും സമൂഹവും - ഡോ.  വി  ശശികുമാര്‍
സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. കാരണം, ഇന്നു കേരളത്തിലെ എല്ലാ സ്‌കൂളുകളിലും അതാണ് ഐടി പാഠപുസ്തകങ്ങളിലൂടെ പഠിപ്പിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയത്തെയും പ്രാധാന്യത്തെയും കുറിച്ച് ഹൈസ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ സ്വാതന്ത്ര്യം, സോഫ്റ്റ്‌വെയറിന്റെ വിശ്വസനീയതയും സുരക്ഷയും തുടങ്ങിയ കാര്യങ്ങളാണ് സാധാരണയായി പറയാറുള്ള ഗുണങ്ങള്‍. എന്നാല്‍, കംപ്യൂട്ടറിന്റെ സൂക്ഷ്മരൂപങ്ങള്‍ എല്ലായിടത്തും ഉപയോഗപ്പെടുത്തുന്ന ആധുനിക കാലഘട്ടത്തില്‍ നമ്മുടെ ആരോഗ്യത്തിനും ജീവനും പോലും സുരക്ഷ ഉറപ്പാക്കാനായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രധാനമായിത്തീരുന്നു എന്നത് അത് പ്രചരിപ്പിക്കുന്നവര്‍ക്കു പോലും വ്യക്തമായി അറിയാവുന്നതാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈയിടെ തിരുവനന്തപുരത്ത് നടന്ന സ്വതന്ത്ര-17 അന്താരാഷ്ട്ര സമ്മേളനത്തിലെ ആദ്യത്തെ പ്രധാന പ്രബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അതേപ്പറ്റി ചില ചിന്തകളാണ് ഇവിടെ അവതരിപ്പിക്കുന്നത്.സോഫ്റ്റ്‌വെയര്‍ ഫ്രീഡം കണ്‍സര്‍വന്‍സി എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് കാരന്‍ സാന്‍ഡ്‌ലര്‍. അസാധാരണമായ ഒരു ശാരീരികാവസ്ഥയാണ് അവര്‍ക്കുള്ളത്. സാധാരണ മനുഷ്യരുടെ ഹൃദയത്തിന്റെ മൂന്നിരട്ടി വലുപ്പമാണ് അവരുടെ ഹൃദയത്തിന്. അതുപോലെ കട്ടിയും കൂടുതലാണ്. പരമ്പരാഗതമായി കിട്ടിയ ഈ അവസ്ഥ കാരണം അവര്‍ പെട്ടെന്നു മരിക്കാനുള്ള സാധ്യത സമയം കഴിയുന്നതിനനുസരിച്ച് കൂടിവരുകയാണ്. അത് ഉണ്ടാവാതിരിക്കാനായി ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന ഒരു ഉപകരണം അവരുടെ ദേഹത്ത് ഘടിപ്പിക്കേണ്ടതുണ്ട്. ഈ ഉപകരണവും നിയന്ത്രിക്കുന്നത് ഒരു കുഞ്ഞുകംപ്യൂട്ടറാണ്. അതിനുള്ളിലെ പ്രോഗ്രാമിന്റെ മൂലരൂപം അന്വേഷിച്ചുള്ള സാന്‍ഡ്‌ലറുടെ യാത്ര ഒരു ഫലവും കണ്ടില്ല. എന്നാല്‍, ഇത്തരം ഉപകരണങ്ങളിലെ പ്രോഗ്രാമുകള്‍ വരുത്താവുന്ന അബദ്ധങ്ങളെക്കുറിച്ചും അവയിലെ സുരക്ഷാ പാളിച്ചകളെക്കുറിച്ചും സാന്‍ഡ്‌ലര്‍ നന്നായി മനസ്സിലാക്കി. സാധാരണഗതിയില്‍ തന്നെ ഹൃദയമിടിപ്പില്‍ മാറ്റമുണ്ടാകാവുന്ന സാഹചര്യങ്ങളില്‍ പോലും ഇത്തരം ഉപകരണങ്ങള്‍ ഹൃദയമിടിപ്പ് നിയന്ത്രിക്കാനായി ഹൃദയത്തിലേക്ക് വൈദ്യുതി കടത്തിവിടാറുണ്ട് എന്നതായിരുന്നു ഒരു കാര്യം. എന്നാല്‍, അതിനേക്കാള്‍ അപകടകാരിയായ മറ്റൊരു കാര്യവും അവര്‍ മനസ്സിലാക്കി. ശാരീരിക വിവരങ്ങള്‍ ഡോക്ടര്‍ക്ക് നല്‍കാന്‍ ഉപയോഗിക്കുന്ന വൈഫൈ വിവരവിനിമയ സംവിധാനത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം മൂലം മറ്റൊരാള്‍ക്കു വേണമെങ്കില്‍ ആ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനാവും എന്നായിരുന്നു അത്. എന്നുതന്നെയല്ല, ഉപകരണത്തിന്റെ പ്രവര്‍ത്തനത്തെ കുറച്ചൊക്കെ നിയന്ത്രിക്കാനും ആവുമെന്ന് 2008ല്‍ ചില കംപ്യൂട്ടര്‍ സുരക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. ഇത് വളരെ അപകടകരമാണെന്ന കാര്യം വ്യക്തമാണല്ലോ. ഉപകരണത്തില്‍ കംപ്യൂട്ടര്‍ സംവിധാനം ഉണ്ടെന്ന് മനസ്സിലായപ്പോള്‍ തന്നെ അതിലെ സോഫ്റ്റ്‌വെയറിന്റെ മൂലരൂപം കാണണമെന്ന് സാന്‍ഡ്‌ലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ 'സോഫ്റ്റ്‌വെയറോ!' എന്ന പ്രതികരണമാണ് തന്റെ ഡോക്ടര്‍ മുതല്‍ ഉപകരണം ഉല്‍പാദിപ്പിക്കുന്ന കമ്പനിയുടെ പ്രതിനിധിയില്‍ നിന്നുവരെ അവര്‍ക്കു ലഭിച്ചത്. ഒടുവില്‍ ആരോഗ്യവകുപ്പിനെ വരെ സമീപിച്ചിട്ടും സാന്‍ഡ്‌ലര്‍ക്ക് സോഫ്റ്റ്‌വെയര്‍ കാണാനായില്ല. എന്നാല്‍, വൈഫൈ വഴി വിവരവിനിമയം നടത്താത്ത ഒരു ഉപകരണം അവര്‍ക്കു ലഭ്യമായി. അതാണ് ഇപ്പോഴും അവരുടെ ശരീരത്തിലുള്ളത്. ഇത്തരം ഉപകരണം എല്ലാവര്‍ക്കും ലഭ്യമാവണമെന്നില്ല, വിശേഷിച്ച് ഇത്തരം കാര്യങ്ങളെപ്പറ്റി അറിവും താല്‍പര്യവും കുറവുള്ള നമുക്ക്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഡയബറ്റിസ് രോഗികള്‍ക്ക് ആവശ്യമായ അളവില്‍ ഇന്‍സുലിന്‍ നല്‍കാനായി ശരീരത്തില്‍ സ്ഥാപിക്കുന്ന പമ്പുകളുണ്ട്. അത്തരം പമ്പുകളെ നിയന്ത്രിക്കുന്നത് ശരീരത്തിനു പുറത്തുള്ള ഒരു ഉപകരണമാണ്. സാമാന്യം ജനപ്രീതി നേടിയ അത്തരമൊരു ഉപകരണം ശരീരത്തിനു പുറത്തുള്ള ഭാഗവുമായി വിവരവിനിമയം നടത്തുന്നതും സുരക്ഷിതമല്ലാത്ത വൈഫൈ ഉപയോഗിച്ചാണെന്നും, അതിലൂടെ രോഗാവസ്ഥയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും വേണമെങ്കില്‍ പമ്പിനെ നിയന്ത്രിക്കാനും ബുദ്ധിമുട്ടില്ല എന്നും 2016ല്‍ ചില കംപ്യൂട്ടര്‍ സുരക്ഷാ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്‍ ഉപയോഗിക്കുന്ന എല്ലാ തരം ഉപകരണങ്ങളിലും കാറും വിമാനവും ഉള്‍പ്പെടെയുള്ള വാഹനങ്ങളിലും കംപ്യൂട്ടറുകളുടെ ഉപയോഗം കൂടിവരുന്ന ഇക്കാലത്ത്, വിശേഷിച്ച് എല്ലാ ഉപകരണങ്ങളും ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് ഓഫ്തിങ്‌സ് ഇന്ത്യയിലേക്കുകൂടി എത്താന്‍ പോവുന്ന സാഹചര്യത്തില്‍ അവയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അതിപ്രധാനമാണ്. ഉപകരണങ്ങളുടെ സുരക്ഷ മാത്രമല്ല, അവ ഉപയോഗിക്കുന്ന മനുഷ്യരുടെ സുരക്ഷ കൂടി അവതാളത്തിലാവുന്നു എന്നാണ് കാരന്‍ സാന്‍ഡ്‌ലറുടെ അനുഭവം കാണിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത്യാവശ്യം വേണ്ട ഒരു കാര്യം, എല്ലാ ഉപകരണങ്ങളുടെയും ഉള്ളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമാവുകയും അനേകം പേരുടെ പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്യുക എന്നതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമുണ്ടാവാന്‍ വഴിയുണ്ടെന്നു തോന്നുന്നില്ല. നാം ജീവിച്ചിരിക്കുമോ ഇല്ലയോ എന്നു തീരുമാനിക്കുന്ന ഉപകരണങ്ങള്‍ അനേകമാണിന്ന്. അവയിലെ സോഫ്റ്റ്‌വെയര്‍ മാത്രം സ്വതന്ത്രമായാല്‍ മതിയോ? പോരാ എന്നാണ് ഉത്തരം. ഇതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്: രഹസ്യസ്വഭാവമുള്ള ഉപകരണം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു നമുക്കറിയില്ല. രണ്ട്: ഉപകരണത്തിന്റെ രൂപകല്‍പന രഹസ്യമായിരിക്കുമ്പോള്‍ അത് ഉല്‍പാദിപ്പിക്കാനും കേടു വന്നാല്‍ നന്നാക്കാനും ഒരു കൂട്ടര്‍ക്കു മാത്രമേ കഴിയൂ. നമ്മുടെ ജീവനു മേലാണ് അവര്‍ക്ക് അധികാരം കിട്ടുന്നത് എന്നോര്‍ക്കണം. ഇത് തീര്‍ച്ചയായും സന്തോഷം നല്‍കുന്ന കാര്യമല്ല. എന്നാല്‍, ഇത്തരം ഉപകരണങ്ങള്‍ സ്വതന്ത്രമാക്കാനാവുമോ എന്ന് ചിലര്‍ക്കെങ്കിലും സ്വാഭാവികമായും സംശയം തോന്നാം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പോലെത്തന്നെ സ്വതന്ത്ര ഹാര്‍ഡ്‌വെയറും ധാരാളമായി ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലതെങ്കിലും വളരെ സാധാരണമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നതും സത്യമാണ്. പക്ഷേ, അത് മറ്റൊരു കഥ.             ി
Next Story

RELATED STORIES

Share it