Idukki local

സോഫ്റ്റ്‌വെയര്‍ നവീകരിച്ചില്ല : പെന്‍ഷന്‍ ലഭിക്കാതെ ഭിന്നശേഷിക്കാര്‍ ബുദ്ധിമുട്ടുന്നു



ചെറുതോണി: സോഫ്റ്റ്‌വെയര്‍ നവീകരിക്കാത്തതിനാല്‍ ഭിന്നശേഷിക്കാര്‍ക്ക് അടക്കം കൃത്യമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നു പരാതി. വികലാംഗ പെന്‍ഷന്‍ ഉള്ളവര്‍ക്ക് ഇതിനൊപ്പം വാര്‍ധക്യകാല പെന്‍ഷനോ, തൊഴിലാളി പെന്‍ഷനോ വാങ്ങുന്നതിന് തടസ്സമില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഈ ദുരവസ്ഥ. വാത്തിക്കുടി പഞ്ചായത്തില്‍ നിന്നു വികലാംഗ പെന്‍ഷന്‍ വാങ്ങുന്നവര്‍ വാര്‍ധക്യകാല പെന്‍ഷനു കൂടി അപേക്ഷിച്ച് നപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ലഭിക്കാതെ വന്നപ്പോഴാണ് ഇതേക്കുറിച്ച് അന്വേഷിച്ചത്. പരാതിയുമായി കലക്ടറേറ്റില്‍ എത്തിയപ്പോള്‍ പഞ്ചായത്തുകളില്‍ അര്‍ഹതയുള്ള ഒട്ടേറെ അപേക്ഷകര്‍ക്ക് രണ്ടു പെന്‍ഷനുകള്‍ ഒരുമിച്ച് ലഭിക്കുന്നില്ലെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് അപേക്ഷകര്‍ പഞ്ചായത്ത് അധികൃതരെ സമീപിച്ചു. സോഫ്റ്റ്‌വെയര്‍ തകരാറാണെന്നും ഇതു ശരിയാക്കിയാല്‍ മാത്രമേ രണ്ടു പെന്‍ഷനുകളും ഒരേ സമയം ലഭിക്കുകയുള്ളൂവെന്നും ഉള്ള മറുപടിയാണ് അധികൃതര്‍ നല്‍കിയത്. പെന്‍ഷന്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തപ്പോള്‍ വന്ന പിശകാണ് ഇതിനു കാരണം. തിരുവനന്തപുരത്തെ ഡിബിടി സെല്ലാണ് ഇതു സംബന്ധിച്ച സോഫ്റ്റ്‌വെയറും തയ്യാറാക്കുന്നത്. വികലാംഗര്‍ക്ക് മറ്റു ക്ഷേമ പെന്‍ഷനുകള്‍ കൂടി ലഭ്യമാകുന്ന തരത്തില്‍ സോഫ്റ്റ് വെയര്‍ നവീകരിക്കണമെന്ന് ജില്ലയിലെ പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ഡിബിടി സെല്‍ അധികൃതര്‍ തയാറായിട്ടില്ല. സോഫ്റ്റ്‌വെയര്‍ നവീകരിച്ചാല്‍ അപേക്ഷകര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it