സോഫ്റ്റ്‌വെയര്‍ തകരാര്‍: എയര്‍ ഇന്ത്യാ സര്‍വീസുകള്‍ വൈകി

ന്യൂഡല്‍ഹി: സോഫ്റ്റ്‌വെയര്‍ തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ മൂന്നു മണിക്കൂറോളം വൈകി. കടത്തില്‍ വലഞ്ഞിരിക്കുന്ന എയര്‍ ഇന്ത്യയുടെ അമേരിക്കയിലെ അറ്റ്‌ലാന്റയിലുള്ള ഡാറ്റാ സെന്ററിലെ തകരാറാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 25 വിമാനങ്ങളാണ് വൈകിയത്.
ചെക്ക്-ഇന്‍ സോഫ്റ്റ്‌വെയറിലുണ്ടായ സാങ്കേതികത്തകരാറാണ് വിമാനങ്ങള്‍ വൈകാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സെര്‍വറും ഒരു മണിക്കൂറോളം സ്തംഭിച്ചിരുന്നു. വിമാന സര്‍വീസുകള്‍ സാധാരണ നില കൈവരിച്ചതായി പിന്നീട് എയര്‍ ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി മുതല്‍ 2.30 വരെയുള്ള സമയത്താണ് പ്രധാനമായും പ്രശ്‌നം നേരിട്ടത്. അന്താരാഷ്ട്ര ഐടി സര്‍വീസ് കമ്പനിയായ എസ്‌ഐടിക്കാണ് എയര്‍ ഇന്ത്യയുടെ നെറ്റ്‌വര്‍ക്ക് ചുമതല.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. ഇവിടെ നിന്നുള്ള ആഭ്യന്തര-അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ വൈകിയതായി യാത്രക്കാര്‍ ട്വിറ്ററില്‍ അറിയിച്ചു. നിരവധി വിമാനങ്ങള്‍ രണ്ടു മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത സ്ഥിതിയായിരുന്നുവെന്ന് ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് അഖിലേഷ് മിശ്ര ട്വീറ്റ് ചെയ്തു.
Next Story

RELATED STORIES

Share it