സോണിയ ഗാന്ധിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയും അലസി; പ്രതിസന്ധി കനത്തു

കെ എ സലിം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ഥിനിര്‍ണയം കടുത്ത പ്രതിസന്ധിയിലേക്ക്. തര്‍ക്ക സീറ്റുകളില്‍ പരിഹാരമുണ്ടാക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയും തീരുമാനമാവാതെ പിരിഞ്ഞു. തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നീളാനാണു സാധ്യത. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു നാട്ടിലേക്കു മടങ്ങും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ വി എം സുധീരനും ഡല്‍ഹിയില്‍ തുടരും.
ഉമ്മന്‍ചാണ്ടിയും സുധീരനും കടുംപിടിത്തം തുടരുന്നതാണ് പ്രതിസന്ധി കനക്കാന്‍ കാരണം. ആരോപണവിധേയരായ മന്ത്രിമാരെ മല്‍സരിപ്പിക്കരുതെന്ന നിലപാടില്‍ അയവുവരുത്താന്‍ വി എം സുധീരനും കെ സി ജോസഫ്, കെ ബാബു, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ ഉള്‍പ്പെടെയുള്ളവരെ മല്‍സരിപ്പിക്കണമെന്ന നിലപാട് മാറ്റാന്‍ ഉമ്മന്‍ചാണ്ടിയും തയ്യാറല്ല. സമവായത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞദിവസം നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് അന്ത്യശാസനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ അഞ്ചുദിവസവും അണുവിട മാറാതെ നിലപാടില്‍ ഉറച്ചുനിന്ന ഉമ്മന്‍ചാണ്ടിയും സുധീരനും ഇന്നലെ വൈകീട്ട് കേരളഹൗസിലെ മുറിയില്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയത് മഞ്ഞുരുകലിന്റെ സൂചനയായി കണ്ടെങ്കിലും അദ്ഭുതമൊന്നും സംഭവിച്ചില്ല. തുടര്‍ന്നു രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഇരുവരും ഒരേ കാറില്‍ സോണിയയുടെ വസതിയായ 10 ജനപഥിലേക്ക് യാത്രതിരിച്ചതും പ്രതീക്ഷയ്ക്ക് വക നല്‍കി.
എന്നാല്‍ 7.30നു തുടങ്ങിയ ചര്‍ച്ച രാത്രി 10വരെ നീണ്ടിട്ടും ഇരു നേതാക്കളും വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. സോണിയ മുന്നോട്ടുവച്ച ഫോര്‍മുലയും ഉമ്മന്‍ചാണ്ടി തള്ളി. ഇതോടെ യോഗത്തില്‍ പങ്കെടുത്ത മല്ലികാര്‍ജുന ഖാര്‍ഗെയും എ കെ ആന്റണിയും നോക്കുകുത്തികളായി.
രാത്രി വൈകി എ കെ ആന്റണിയുമായി സുധീരനും ചെന്നിത്തലയും ചര്‍ച്ചനടത്തി. ചര്‍ച്ചയ്ക്ക് തുടക്കമിട്ട കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മൂവരും ഒരുമിച്ച് 'വാര്‍റൂമി'ലേക്ക് പോയെങ്കിലും തിരിച്ചുവന്നത് മൂന്നുവഴിക്കാണ്. ഈ വേര്‍പിരിയല്‍ ഇന്നലെ രാത്രിയിലെ ചര്‍ച്ചവരെ നീണ്ടു. ഇതിനിടയില്‍ പലവട്ടം രൂക്ഷമായ വാക്കേറ്റത്തിലേര്‍പ്പെട്ട ഇരുനേതാക്കളും നിലപാടുകളില്‍ അയവുവരുത്താന്‍ തയ്യാറായില്ല. സുധീരനുമായുള്ള ചര്‍ച്ചയ്ക്കു മുമ്പ് ഉമ്മന്‍ചാണ്ടി എ കെ ആന്റണിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ തന്നെ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കി പട്ടിക പ്രഖ്യാപിക്കാനാവുമെന്നാണു സുധീരന്‍ വ്യക്തമാക്കിയിരുന്നത്.
കേരള ഹൗസില്‍ നേതാക്കളെല്ലാവരും ഒരുമിച്ചാണ് കഴിഞ്ഞതെങ്കിലും ഹൈക്കമാന്‍ഡുമായി ഒരുമിച്ചുള്ള കൂടിക്കാഴ്ച പോലും ഇത്രയും ദിവസമായിട്ടും നടന്നിരുന്നില്ല. എന്നാല്‍ ഇന്നലെ സോണിയ മൂന്ന് നേതാക്കളുമായി ഒരുമിച്ചാണു ചര്‍ച്ച നടത്തിയത്. തര്‍ക്കം നിലനില്‍ക്കുന്ന അഞ്ചു സീറ്റുകളിലെ കുരുക്കഴിക്കാനുള്ള നീക്കങ്ങള്‍ ഇന്നലെ രാവിലെ മുതല്‍ തകൃതിയായി നടന്നിരുന്നു. കെ സി ജോസഫ് (ഇരിക്കൂര്‍), കെ ബാബു (തൃപ്പൂണിത്തുറ), അടൂര്‍ പ്രകാശ് (കോന്നി), ബെന്നി ബഹ്‌നാന്‍ (തൃക്കാക്കര), ഡൊമിനിക് പ്രസന്റേഷന്‍ (കൊച്ചി) എന്നിവരെ മാറ്റണമെന്ന നിലപാടാണ് ഇത്രയും ദിവസവും സുധീരന്‍ മുന്നോട്ടുവച്ചത്.
ഇന്നലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലും പുറത്തും നടന്ന ചര്‍ച്ചയില്‍ തര്‍ക്കമുള്ള സീറ്റുകളില്‍ അന്തിമ തീരുമാനമെടുക്കാനായിരുന്നില്ല. ഇന്നലെ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരും പങ്കെടുത്തിരുന്നു. അതിനുശേഷമാണ് വൈകീട്ട് 7.30ന് സോണിയ ഗാന്ധിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.
ഒത്തുതീര്‍പ്പെന്ന നിലയില്‍ ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാറ്റിനിര്‍ത്തുകയെന്ന ഫോര്‍മുലയുമായി ഉമ്മന്‍ചാണ്ടിയെ രാവിലെ തന്നെ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒരാളെയും മാറ്റാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാരിന്റെ ഭാഗമെന്ന നിലയില്‍ ആരോപണവിധേയനായ താനും മാറിനില്‍ക്കാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇതോടെ ഈ ഫോര്‍മുലയും തള്ളപ്പെട്ടു.
സ്‌ക്രീനിങ് കമ്മിറ്റിയില്‍ നേരത്തെ നിശ്ചയിച്ചിരുന്ന ചില സീറ്റുകളില്‍ മാറ്റംവന്നു. ധര്‍മടത്ത് എം സി ശ്രീജ മല്‍സരിക്കാനില്ലെന്ന് അറിയിച്ചതിനാല്‍ മമ്പറം ദിവാകരന് വീണ്ടും നറുക്കുവീണു. തലശ്ശേരിയില്‍ എ പി അബ്ദുല്ലക്കുട്ടിയെയും കണ്ണൂരില്‍ സതീശന്‍ പാച്ചേനിയെയും നിശ്ചയിച്ചു. കാഞ്ഞങ്ങാട് ശാന്തമ്മ ഫിലിപ്, ഷൊര്‍ണൂരില്‍ സി സംഗീത, കരുനാഗപ്പള്ളിയില്‍ സി ആര്‍ മഹേഷ്, കൊട്ടാരക്കരയില്‍ ആര്‍ രശ്മി, ഒറ്റപ്പാലം-ശാന്തമ്മ ജയറാം, ദേവികുളം-ആര്‍ രാജാറാം, പീരുമേട്-സിറിയക് തോമസ്, കുണ്ടറ-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവയാണു മാറ്റംവന്ന മറ്റു സീറ്റുകള്‍. അതേസമയം, ചര്‍ച്ചകള്‍ക്കൊടുവില്‍ ഷാനിമോള്‍ ഉസ്മാന് സീറ്റില്ലെന്നുറപ്പായി.
Next Story

RELATED STORIES

Share it