സോണിയ ഗാന്ധിക്കും സംസ്ഥാന നേതൃത്വത്തിനും കോടതി നോട്ടീസ്

തിരുവനന്തപുരം: നെയ്യാര്‍ ഡാമിനു സമീപം കെപിസിസിക്കു വേണ്ടി നിര്‍മിച്ച രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ കരാര്‍ തുക മുഴുവനായും നല്‍കിയില്ലെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോടതിയുടെ നോട്ടീസ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ചെയര്‍മാനും പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് തിരുവനന്തപുരം സബ് കോടതി നോട്ടീസ് അയച്ചത്. 2013 സപ്തംബര്‍ 29ന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ വൈദ്യുതീകരണം നടത്തിയതിന്റെ തുക നല്‍കിയില്ലെന്നാണ് പരാതിയിലെ ഉള്ളടക്കം. കെട്ടിട നിര്‍മാണ കമ്പനിയായ ഹെതര്‍ കണ്‍സ്ട്രക്ഷന്‍സ് മാനേജിങ് പാര്‍ട്ണര്‍ രാജീവാണ് ഹരജിക്കാരന്‍.
സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള എല്ലാ എതിര്‍കക്ഷികളും ജൂലൈ 23ന് ഹാജരാവണമെന്നാണ് കോടതിയുടെ നിര്‍ദേശം. സ്മാരക നിര്‍മാണവുമായി ബന്ധപ്പെട്ട് പണം കൊടുക്കുന്നതില്‍ കാലതാമസം വന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മതിച്ചു.
കുറച്ചു പണം കൊടുക്കാനുണ്ട്. അതെത്രയാണെന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നതെന്നും വൈകാതെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ കെപിസിസി പ്രസിഡന്റായിരുന്ന സമയത്താണ് 20 കോടി രൂപ ചെലവില്‍ രാജീവ് ഗാന്ധിക്ക് സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. അഞ്ചുകോടി ബാങ്ക് വായ്പ എടുത്തു. ബാക്കി തുക ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തു. 18 കോടി രൂപ ചെലവിട്ടു. കരാറുകാരന് രണ്ടു കോടി രൂപ കൂടി നല്‍കാനുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടും കരാറുകാരനുമായി ചില തര്‍ക്കങ്ങള്‍ നിലനിന്നതും കാരണമാണ് ബാക്കി തുക നല്‍കുന്നത് വൈകിയത്. തര്‍ക്കം എത്രയും വേഗം പരിഹരിക്കും. ബില്ല് പരിശോധിച്ച് തുക കരാറുകാരന് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it