സൈമണ്‍ മാസ്റ്ററുടെ മൃതദേഹം ഖബറടക്കാന്‍ വിട്ടുകിട്ടണമെന്നാവശ്യം; കലക്ടര്‍ വിശദീകരണം നല്‍കണം

കൊച്ചി: ഇസ്‌ലാം മതം സ്വീകരിച്ച ഇ സി സൈമണ്‍ മാസ്റ്റര്‍ എന്ന മുഹമ്മദ് ഹാജിയുടെ മൃതദേഹം ഇസ്‌ലാമിക നിയമപ്രകാരം സംസ്‌കരിക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ജില്ലാ കലക്ടറില്‍ നിന്നും ഹൈക്കോടതി വിശദീകരണം തേടി. മൃതദേഹവുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി തുടരണമെന്നും മൃതദേഹത്തെ സംരക്ഷിക്കണമെന്നും അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കൊടുങ്ങല്ലൂര്‍ കാര മതിലകം മഹല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ മജീദ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സ്‌കൂള്‍ അധ്യാപകനും ബൈബിള്‍ പണ്ഡിതനുമായ സൈമണ്‍ മാസ്റ്റര്‍ ഇസ്‌ലാംമതം സ്വീകരിച്ചിരുന്നതായി ഹരജി പറയുന്നു. ഇസ്‌ലാം സ്വീകരിച്ച ശേഷം ഇ സി മുഹമ്മദ് എന്ന പേര് സ്വീകരിച്ചു. ഹജ്ജ് തീര്‍ഥാടനത്തിന് ശേഷം മുഹമ്മദ് ഹാജിയെന്നാണ് അറിയപ്പെട്ടിരുന്നത്. മഹല്ല് കമ്മിറ്റിയില്‍ അംഗത്വവും നേടി. തന്റെ മൃതദേഹം ഇസ്‌ലാമിക നിയമപ്രകാരം കാര മതിലകം മഹല്‍ ജമാഅത്ത് പള്ളി ഖബറിസ്ഥാനില്‍ സംസ്‌കരിക്കണമെന്ന് 2000 സപ്തംബര്‍ എട്ടിന് സൈമണ്‍ മാസ്റ്റര്‍ രേഖാമൂലം എഴുതിയിരുന്നതായി ഹരജിയില്‍ പറയുന്നു. ചികില്‍സയിലിരിക്കെ 2018 ജനുവരി 27ന് അദ്ദേഹം മരിച്ചു. ചികില്‍സാ കാലത്ത് അദ്ദേഹത്തിന് ഓര്‍മക്കുറവുണ്ടായിരുന്നു. ഈ സന്ദര്‍ഭം മുതലെടുത്ത് എതിര്‍കക്ഷികളായ ഭാര്യയും മക്കളും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിന് നല്‍കണമെന്ന് സൈമണ്‍ മാസ്റ്റര്‍ പറഞ്ഞതായി ഒരു രേഖ വ്യാജമായി പടച്ചുണ്ടാക്കിയതായി ഹരജിക്കാരന്‍ ആരോപിക്കുന്നു. ഓര്‍മയുള്ള കാലത്ത് സൈമണ്‍ മാസ്റ്റര്‍ തയ്യാറാക്കിയ രേഖയിലെ കൈയക്ഷരം പോലുമല്ല വീട്ടുകാര്‍ പുതുതായി കൊണ്ടുവന്ന രേഖയിലുള്ളത്. മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കിയ ഉടന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ഹരജി പറയുന്നു. ഒരു മുസ്‌ലിം മതവിശ്വാസി മരിക്കുകയാണെങ്കില്‍ ഇസ്‌ലാമിക നിയമപ്രകാരമേ സംസ്‌കരിക്കാവൂ. മറിച്ചു സംഭവിക്കുന്നത് മരിച്ചയാളുടെ മാത്രമല്ല സമുദായത്തിന്റെ വിശ്വാസങ്ങള്‍ക്കും എതിരാണ്. അതിനാല്‍, ഇസ്‌ലാമിക രീതിയിലുള്ള സംസ്‌കാരം നടത്തിയേ മതിയാവൂ. അതിനായി മൃതദേഹം വിട്ടുനല്‍കണമെന്നും അനാട്ടമി പരിശോധനകള്‍ക്ക് വിട്ടു നല്‍കരുതെന്നും ഹരജി ആവശ്യപ്പെടുന്നു. ഹരജി തീര്‍പ്പാവും വരെ മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, സൈമണ്‍ മാസ്റ്ററുടെ ഭാര്യ എലഞ്ഞിക്കല്‍ വീട്ടില്‍ മേരി, മക്കളായ ജോണ്‍സണ്‍, ജെസി, ബീട്രിസ്, എന്നിവരാണ് എതിര്‍കക്ഷികള്‍.
Next Story

RELATED STORIES

Share it