സൈബര്‍ സുരക്ഷ അടുത്തവര്‍ഷം മുതല്‍ പാഠ്യപദ്ധതിയില്‍

തിരുവനന്തപുരം: സൈബര്‍ സുരക്ഷ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. സൈബര്‍ നിയമങ്ങളും മുന്‍കരുതലുമടക്കമുള്ള സുരക്ഷാ പാഠങ്ങള്‍ അടുത്ത അധ്യയനവര്‍ഷം മുതലാണ് പാഠ്യപദ്ധതിയില്‍ ഇടംപിടിക്കുന്നത്. ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കലാണു ലക്ഷ്യം. തിരുവനന്തപുരം സിറ്റി പോലിസിന്റെ ശ്രമങ്ങളെ തുടര്‍ന്ന് സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയ്‌നിങ് ആണ് ഇതിനു മുന്‍കൈ എടുത്തത്.
വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷനായ കരിക്കുലം കമ്മിറ്റിയാണ് സൈബര്‍ ക്രൈം പാഠപുസ്തകത്തിന്റെ ഭാഗമാക്കാന്‍ അനുമതി നല്‍കിയത്. ഈ അധ്യയന വര്‍ഷത്തില്‍ ഒമ്പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളുടെ പുറംചട്ടയുടെ പിറകിലെ പേജില്‍ സൈബര്‍ ബോധവല്‍കരണത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒരു പാഠമായി തന്നെ ഉള്‍പ്പെടുത്താനാണു തീരുമാനം. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് മനസിലാക്കാന്‍ തിരുവനന്തപുരം ഡിസിപി കെ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ സിറ്റി പോലിസ് കഴിഞ്ഞവര്‍ഷം ഒരു ബുക്ക്‌ലെറ്റ് പുറത്തിറക്കിയിരുന്നു.
ഓണ്‍ലൈനുകളില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് ഒരു വീഡിയോയും തയ്യാറാക്കുന്നുണ്ട്. ഓണ്‍ലൈനുകളിലെ ചതിക്കുഴികളെക്കുറിച്ച് ബോധവല്‍ക്കരിക്കാനുള്ള സിറ്റി പോലിസിന്റെ പദ്ധതികള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചത്. സംസ്ഥാന ശിശുക്ഷേമ കൗണ്‍സിലും സിറ്റി പോലിസിന്റെ പ്രവര്‍ത്തനങ്ങളോട് കൈകോര്‍ത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ എന്തെങ്കിലും അതിക്രമങ്ങളോ പീഡനങ്ങളോ ഉണ്ടായാല്‍ അക്കാര്യം പോലിസിനോടു പരാതിപ്പെടാന്‍ ധൈര്യം പകര്‍ന്നുനല്‍കുന്ന തരത്തില്‍ അവരെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തിലാണ് പോലിസ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയിരുന്നത്. ബുക്ക്‌ലെറ്റിലെ നിര്‍ദേശങ്ങളാണ് നിലവില്‍ എസ്‌സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സുരക്ഷിതമായി ഓണ്‍ലൈന്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനുകളിലുള്ള പരിചിതരല്ലാത്ത സുഹൃത്തുക്കളെ വിശ്വസിക്കരുത്, സുരക്ഷിതമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക, ഒരിക്കലും സ്വന്തം ചിത്രങ്ങളും ഇ-മെയില്‍ വിലാസവും ഷെയര്‍ ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു നല്‍കിയിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ അപമാനിക്കപ്പെട്ടാല്‍ ഏതു രീതിയില്‍ പ്രതികരിക്കണമെന്നും ഇതോടൊപ്പം പറഞ്ഞിട്ടുണ്ട്. ഓണ്‍ലൈനുകളിലൂടെ പരിചയപ്പെടുന്ന സുഹൃത്തുക്കളെ കാണാന്‍ ഒരിക്കലും ഒറ്റയ്ക്കു പോവരുതെന്നും നിര്‍ദേശമുണ്ട്. ഇതോടൊപ്പം പോലിസിന്റെ ഹെല്‍പ് ലൈന്‍ നമ്പരും നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it