Middlepiece

സൈബര്‍ സുരക്ഷയ്ക്ക് പുതിയ ദൗത്യം

രമേശ് ചെന്നിത്തല, ആഭ്യന്തരമന്ത്രി

സൈബര്‍ സുരക്ഷാരംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് തുടക്കംകുറിച്ചുകൊണ്ട് ആഭ്യന്തരവകുപ്പിനു കീഴിലുള്ള ആദ്യ സൈബര്‍ ഡോം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വിഷയത്തില്‍ ഗവേഷണങ്ങള്‍ നടത്തുന്നതിനുമായാണ് ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിങില്‍ സൈബര്‍ ഡോം സ്ഥാപിച്ചിരിക്കുന്നത്. സൈബര്‍സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചുവരുകയും ഈ വിഭാഗത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയും വ്യക്തികളും സ്ഥാപനങ്ങളും അതിന് ഇരകളാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇത്തരത്തിലൊരു നൂതന പദ്ധതി ആഭ്യന്തരവകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മൂന്നുലക്ഷത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ആശങ്കയുണര്‍ത്തുന്ന കുതിച്ചുചാട്ടമാണ് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളംപോലെ ഉയര്‍ന്ന സൈബര്‍ സാക്ഷരതയുള്ള സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതം വലുതായിരിക്കും. കൊച്ചുകുട്ടികള്‍പോലും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന ഈ കാലത്ത് ഇന്റര്‍നെറ്റിന്റെയും സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെയും ദുരുപയോഗം തടയുക എന്നത് അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് സൈബര്‍ കുറ്റകൃത്യങ്ങളെ തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സ്ഥാപിച്ചിരിക്കുന്ന സൈബര്‍ ഡോം സര്‍ക്കാര്‍ വകുപ്പുകള്‍ക്കിടയിലെ ഏകോപനസംവിധാനമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ഗവേഷകരെയും അക്കാദമിക പണ്ഡിതന്‍മാരെയും സര്‍ക്കാരിതര സന്നദ്ധസംഘടനകളെയും അണിനിരത്തിക്കൊണ്ട് സൈബര്‍ സുരക്ഷാരംഗത്ത് പുതിയ അധ്യായം രചിക്കാനൊരുങ്ങുകയാണ്.
സൈബര്‍ രംഗത്തെ മാറിവരുന്ന പ്രവണതകളെ മനസ്സിലാക്കാനും അതനുസരിച്ച് കുറ്റകൃത്യങ്ങള്‍ തടയുന്നതിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള പരിശീലനം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുക എന്നത് ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനമാണ്. പോലിസ് സംവിധാനത്തെ സുസജ്ജമാക്കിക്കൊണ്ട് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും ഇരകളാവുന്നവര്‍ക്ക് സഹായം ഉറപ്പുവരുത്താനുമുള്ള നടപടികള്‍ക്ക് ആഭ്യന്തരവകുപ്പ് തുടക്കം കുറിച്ചുകഴിഞ്ഞിട്ടുണ്ട്. സൈബര്‍-ഹൈടെക് സെല്ലുകളില്‍ 167 പുതിയ തസ്തികകള്‍ സൃഷ്ടിച്ചുകഴിഞ്ഞു. പുതിയ സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് സൈബര്‍ പോലിസ് സംവിധാനത്തെ അടിമുടി ആധുനികവല്‍ക്കരിച്ചുകഴിഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമായി നടത്താനുള്ള ആധുനിക പരിശീലനം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുമുണ്ട്.
ഇന്റര്‍നെറ്റ് നിരീക്ഷണം, വെര്‍ച്വല്‍ പോലിസിങ്, സോഷ്യല്‍ മീഡിയകളിലെ പ്രവര്‍ത്തനം നിരീക്ഷിക്കുക, സൈബര്‍ സുരക്ഷാഭീഷണി പരിശോധിക്കാനുള്ള ഇന്റലിജന്‍സ് സംവിധാനം, സൈബര്‍ ഫോറന്‍സിക്, വെര്‍ച്വല്‍ കോടതികള്‍, കുട്ടികളുടെ സുരക്ഷയ്ക്കായുള്ള ട്രാക്കിങ് സിസ്റ്റം, കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുള്ള സോഫ്റ്റ്‌വെയറുകള്‍, ചൈല്‍ഡ് ഐഡി സോഫ്റ്റ്‌വെയറുകള്‍, വിക്ടിം ഐഡന്റിഫിക്കേഷന്‍ സോഫ്റ്റ്‌വെയറുകള്‍, സൈബര്‍ സെക്യൂരിറ്റി അഡൈ്വസറി, സൈബര്‍ സെക്യൂരിറ്റി ബോധവല്‍ക്കരണം, മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളെ സംബന്ധിച്ചുള്ള വിവരശേഖരണം, ക്രിമിനലുകളെയും ചിത്രങ്ങളെയും തിരിച്ചറിയുന്ന സോഫ്റ്റ്‌വെയര്‍, വിരലടയാളങ്ങള്‍ തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയര്‍, ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്ക് ഇന്‍വെസ്റ്റിഗേഷന്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ 22ഓളം സേവനങ്ങളാണ് സൈബര്‍ ഡോം പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.
സൈബര്‍ ഡോമിലേക്കുള്ള വിദഗ്ധരെ കണ്ടെത്താനും പരിശീലിപ്പിക്കാനും സോഫ്റ്റ്‌വെയറുകള്‍ നല്‍കാനും വിവിധ ഐടി കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തും. സൈബര്‍ ഡോമിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സാമ്പത്തികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള ഉത്തരവാദിത്തം സംസ്ഥാന ആഭ്യന്തരവകുപ്പില്‍ നിക്ഷിപ്തമായിരിക്കും. പൂര്‍ണമായും ക്രൈം സെബര്‍ ഡോമിന്റെ പ്രവര്‍ത്തനം എഡിജിപിയുടെ മേല്‍നോട്ടത്തിലായിരിക്കും. അതിനു കീഴില്‍ ഒരു ഡിവൈഎസ്പിയും ഐടി യോഗ്യതയുള്ള 10 ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും.
കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാനും ജനസൗഹൃദമായ പോലിസ് സംവിധാനത്തിന്റെ സാക്ഷാല്‍ക്കാരത്തിനും സൈബര്‍ ഡോം പോലുള്ള പദ്ധതികള്‍ അനിവാര്യമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. സമൂഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന സംവിധാനമാണ് പോലിസ്. സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ ഏറ്റവുമധികം സ്വാംശീകരിക്കപ്പെടേണ്ടതും ഇതില്‍ തന്നെയാണ്. ഈ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പുകൂടിയാണ് സൈബര്‍ ഡോം.
Next Story

RELATED STORIES

Share it