kozhikode local

സൈബര്‍ പാര്‍ക്കില്‍ മൊബൈല്‍ ഇന്‍കുബേഷന്‍ കേന്ദ്രം ഗൂഗിള്‍ ഇന്ത്യാ മേധാവി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സൈബര്‍പാര്‍ക്ക് കോഴിക്കോടിനെ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ ഐടിവകുപ്പ് ഇന്റര്‍നെറ്റ് ആന്റ്് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ) യുമായി ചേര്‍ന്ന്  സ്ഥാപിക്കുന്ന ഇന്‍കുബേഷന്‍ കേന്ദ്രത്തിന്റെ ഉദ്—ഘാടനം ഗൂഗിള്‍ ഇന്ത്യയുടെ മാനേജിങ് ഡയരക്ടറും വടക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ വൈസ് പ്രസിഡന്റുമായ രാജന്‍ ആനന്ദന്‍ നാളെ നിര്‍വഹിക്കും. സൈബര്‍പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഐമെ (ഐഎഎംഎഐ) സ്റ്റാര്‍ട്ട് അപ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ജിതേന്ദര്‍ സിങ് മിനാസ്, കേരള ഐടി പാര്‍ക്കുകളുടെ ചീഫ് എക്‌സിക്കൂട്ടീവ് ഓഫിസര്‍ ഋഷികേശ് നായരും ഇതിനായുള്ള ധാരണ പത്രത്തില്‍ ഒപ്പുവെക്കും. മൊബൈല്‍ 10 എക്‌സ്  എന്നാണ് ഇന്‍കുബേഷന്‍ കേന്ദ്രം അറിയപ്പെടുന്നത്. 12500 ചതുരശ്ര അടി വിസ്തൃതിയിലുള്ള  സൈബര്‍പാര്‍ക്കിന്റെ ഓഫിസ്  കെട്ടിടമാണ് മൊബൈല്‍ 10 എക്‌സിനായി കൈമാറുന്നത്.രാജ്യത്തൊട്ടാകെ 350 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണുള്ളത്. ഇതില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളായ 250 ദശലക്ഷം പേരില്‍ 160 ദശലക്ഷം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. 2020 ഓടെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 700 മില്യണ്‍ ആയി വര്‍ധിക്കുമെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. മൊബൈല്‍ ഇന്നൊവേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കോഴിക്കോട് സൈബര്‍ പാര്‍ക്ക് കേരളത്തിലെ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസനത്തിന്റെ കേന്ദ്രമായി മാറുമെന്ന് “ കേരളാ ഐടി പാര്‍ക്കുകളുടെ സിഇഒ ഋഷികേശ് നായര്‍ പറഞ്ഞു. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസനത്തിനു അനുയോജ്യമായ ഇക്കോ സിസ്—റ്റം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നു അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന ചടങ്ങില്‍ കേരള ഐടി സെക്രട്ടറി എം ശിവശങ്കര്‍, കേരളാ സ്റ്റാര്‍ട്ട്അപ് മിഷന്‍ സിഇഒ സജി ഗോപിനാഥ്, കലക്ടര്‍ യു വി ജോസ് പങ്കെടുക്കും. ബംഗളൂരു, ഹൈദരബാദ്, ഗുര്‍ഗാവ് എന്നിവിടങ്ങളില്‍ നിലവില്‍ ഐമായുടെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it