സൈബര്‍ തട്ടിപ്പ്: ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് മേധാവി രാജിവച്ചു

ധക്ക: രാജ്യത്തെ വിദേശ കറന്‍സി ശേഖരത്തില്‍ 10 കോടി ഡോളറിന്റെ സൈബര്‍ തട്ടിപ്പ് നടന്നതിനെതുടര്‍ന്ന് ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് മേധാവി അതിഉര്‍റഹ്മാന്‍ രാജിവച്ചു.
ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കുമായുള്ള കേന്ദ്ര ബാങ്കിന്റെ അക്കൗണ്ടില്‍ അജ്ഞാതസംഘം തട്ടിപ്പ് നടത്തിയതിനെതുടര്‍ന്നാണ് ബാങ്ക് മേധാവിയുടെ രാജി. രാജി അതിഉര്‍റഹ്മാന്‍ പ്രധാനമന്ത്രി ശെയ്ഖ് ഹസീനയ്ക്കു സമര്‍പ്പിച്ചു. ബാങ്കിന്റെ സൈബര്‍ ശൃംഖലയില്‍ നുഴഞ്ഞുകയറി അജ്ഞാതര്‍ പണം തട്ടിയത് കഴിഞ്ഞ മാസമായിരുന്നെങ്കിലും പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് ബാങ്ക് മേധാവി സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. മാധ്യമ വാര്‍ത്തകളില്‍നിന്നാണ് തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞതെന്ന് സാമ്പത്തിക മന്ത്രി എ എം എ മുഹിത് പറഞ്ഞു.
ബാങ്കിന്റെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് വിശദമായി പഠനം നടത്തിയ തട്ടിപ്പുസംഘം ഉദ്യോഗസ്ഥരെ വിദഗ്ധമായി കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പ് സംഘത്തില്‍നിന്നും സംഭവിച്ച അക്ഷരത്തെറ്റിനെതുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. ശ്രീലങ്കയിലും ഫിലിപ്പീന്‍സില്‍ നിന്നുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തട്ടിയെടുത്ത സംഖ്യയുടെ ഒരു ഭാഗം ശ്രീലങ്കയില്‍ നിന്നു വീണ്ടെടുത്തിട്ടുണ്ട്. ബാക്കി തുകയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it