സൈബര്‍ കുറ്റകൃത്യം; വിദ്യാലയങ്ങളിലെ ബോധവല്‍ക്കരണ നിര്‍ദേശം ഫയലിലൊതുങ്ങി

ഇരിക്കൂര്‍: വിദ്യാര്‍ഥികളിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പുകള്‍ യഥാസമയം ലഭ്യമാക്കാനും ലക്ഷ്യമിട്ട് രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ബോധവല്‍ക്കരണം നടത്താനുള്ള വിദ്യാഭ്യാസ വകുപ്പ് തീരുമാനം രണ്ട്‌വര്‍ഷമായിട്ടും നടപ്പായില്ല.
വിവരസാങ്കേതിക വിദ്യയുടെ ദുരുപയോഗം വിദ്യാര്‍ഥികളിലുണ്ടാക്കുന്ന വ്യക്തിപരവും സാമൂഹിക -സംസ്‌കാരികവുമായ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്. എ ല്ലാ വിദ്യാലയങ്ങളിലും ക്ലാസ് പിടിഎകള്‍ വിളിച്ചുചേര്‍ത്ത് ബോധവല്‍ക്കരണം നടത്താനായിരുന്നു നിര്‍ദേശം. കൗമാരക്കാരായ കുട്ടികളില്‍ ഇന്റര്‍നെറ്റ്- സ്മാര്‍ട് ഫോണ്‍ ദുരുപയോഗം വര്‍ധിക്കുന്നതായും ചൂതുകളിപോലുള്ള മള്‍ട്ടി യൂസര്‍ ഗെയിമുകള്‍ക്ക് കുട്ടികള്‍ അടിമപ്പെടുന്നതായും കണ്ടെത്തിയിരുന്നു. ഇതുവഴി എല്ലാ പൊതു-കുടുംബ ചടങ്ങുകളില്‍നിന്നുപോലും കുട്ടികള്‍ വിട്ടുനില്‍ക്കുന്ന പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്.
കുട്ടികളെ രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാനും പരിശോധിക്കാനും പുതിയ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുക, ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ധാര്‍മികത കുട്ടികളെ ബോധ്യപ്പെടുത്തുക, സോഷ്യല്‍ സൈറ്റുകള്‍ ശരിയായ ധാരണയില്ലാതെ ഉപയോഗിച്ചാലുള്ള ഭവിഷ്യത്തുകള്‍ ബോധ്യപ്പെടുത്തുക, സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ സംഘടിപ്പിക്കുക തുടങ്ങി 30ഓളം നിര്‍ദേശങ്ങളായിരുന്നു സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്.
കുട്ടികള്‍ക്ക് ദേശീയ-സംസ്ഥാന തലങ്ങളില്‍നിന്ന് അര്‍ഹമായി ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും ഉന്നതപഠന സൗകര്യങ്ങളും മറ്റാനുകൂല്യങ്ങളെക്കുറിച്ചുമെല്ലാം ശരിയായ അവബോധം ഉണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്ക് ക്ലാസ് നല്‍കാനും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ടായിരുന്നു.
പ്രീപ്രൈമറി മുതല്‍ പിജി വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള 200ഓളം സ്‌കോളര്‍ഷിപ്പുകള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നതും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്‌കോളര്‍ഷിപ്പുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കോപ്പിയെടുത്ത് എല്ലാ രക്ഷിതാക്കള്‍ക്കും നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ടെങ്കിലും ഇവയൊന്നും ഉത്തരവിറങ്ങി വര്‍ഷം രണ്ടുകഴിഞ്ഞിട്ടും നടപ്പായില്ല.
Next Story

RELATED STORIES

Share it