സൈന്യത്തെ അയച്ചത് ഇറാഖി പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനപ്രകാരം: ഉര്‍ദുഗാന്‍

അങ്കറ: ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയുടെ അഭ്യര്‍ഥന മാനിച്ചാണ് തങ്ങളുടെ സൈനികരെ ഇറാഖിലേക്കയച്ചതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
തുര്‍ക്കി സൈനിക സാന്നിധ്യത്തിനെതിരേ ഇറാഖ് യുഎന്നിനെയും അറബ് ലീഗിനെയും സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് ഉര്‍ദുഗാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2014ല്‍ അബാദി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മൗസിലിലെ ബശീഖ താവളത്തില്‍ സൈനികരെ വിന്യസിച്ചതെന്ന് അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇതുവരെ മൗനം പാലിച്ച വ്യക്തി ഇപ്പോള്‍ അതിനെക്കുറിച്ചു സംസാരിക്കുന്നതില്‍ ഉര്‍ദുഗാന്‍ ആശ്ചര്യം പ്രകടിപ്പിച്ചു. കുര്‍ദ് പെഷ്‌മെര്‍ഗകള്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് തുര്‍ക്കി സൈനികരെ ഇറാഖിലേക്കു നിയോഗിച്ചത്. നേരത്തേയുണ്ടായിരുന്ന യൂനിറ്റിലെ സൈനികരെ മാറ്റുന്നതിനുവേണ്ടി കഴിഞ്ഞ ആഴ്ച 150 സൈനികരെ ബശീഖ താവളത്തിലേക്കു തുര്‍ക്കി അയച്ചിരുന്നു. മാറ്റല്‍ പ്രക്രിയയുടെ ഭാഗമായി 25ഓളം ടാങ്കുകളും പ്രദേശത്തേക്കു തുര്‍ക്കി എത്തിച്ചിട്ടുണ്ട്. എന്നാല്‍, സംഭവം ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷത്തിനു വഴിവയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it