Flash News

സൈന്യത്തിലേക്ക് സ്ത്രീകളെയും പരിഗണിക്കും



ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയിലേക്ക് ജവാന്‍മാരായി സ്ത്രീകളെ നിയോഗിക്കാന്‍ താന്‍ ഒരുക്കമാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. മിലിറ്ററി പോലിസ് ജവാന്‍മാരായി ഇവരെ നിയോഗിച്ചതിനു ശേഷമായിരിക്കും ഇവരെ സൈന്യത്തിലെടുക്കുക. വൈദ്യസഹായം, നിയമം, വിദ്യാഭ്യാസം, എന്‍ജിനീയറിങ് തുടങ്ങിയ വകുപ്പുകളില്‍ മാത്രമേ സ്ത്രീകളെ ഇതുവരെ നിയോഗിച്ചിരുന്നുള്ളൂ. എന്നാല്‍, മറ്റു പല രാജ്യങ്ങളിലും സ്ത്രീകളെയും സൈന്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായുള്ള നടപടികള്‍ സൈന്യത്തില്‍ ആരംഭിച്ചുവെന്നും സര്‍ക്കാര്‍ ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധക്കളത്തില്‍ തങ്ങളുടെ ധൈര്യവും ശക്തിയും പ്രാവര്‍ത്തികമാക്കി, സ്ത്രീകളെ കുറിച്ചുള്ള നിലവിലെ ധാരണകള്‍ തകര്‍ത്തുകളയണമെന്നും റാവത്ത് അഭിപ്രായപ്പെട്ടു. ജര്‍മനി, ആസ്‌ത്രേലിയ, ഇസ്രായേല്‍, ഫ്രാന്‍സ് തുടങ്ങി 11 രാജ്യങ്ങളില്‍ സ്ത്രീകളും സൈനികരായുണ്ട്. കഴിഞ്ഞ വര്‍ഷം മൂന്നു സ്ത്രീകളെ യുദ്ധവൈമാനികരായി നിയമിച്ചിരുന്നു. ഈ മേഖലയിലെ ഇവരുടെ കഴിവുകള്‍ പരിശോധിച്ചായിരുന്നു നിയമനം. ഇന്ത്യന്‍ നാവികസേനയിലും സ്ത്രീകളെ നിയമിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ നാവികസേനയില്‍ നിയമവകുപ്പ്, ലോജിസ്റ്റിക്, എന്‍ജിനീയറിങ് എന്നീ വകുപ്പുകളില്‍ സ്ത്രീകളുണ്ട്.
Next Story

RELATED STORIES

Share it