Flash News

സൈന്യം മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കടന്നു

ജറുസലേം: മുസ്‌ലിംകളുടെ മൂന്നാമത്തെ പുണ്യഗേഹമായ ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സയിലേക്ക് ഇസ്രായേല്‍ സേന അതിക്രമിച്ചു കടന്നതിനെത്തുടര്‍ന്നു സംഘര്‍ഷം. മസ്ജിദ് വളപ്പില്‍ കടന്ന സൈന്യത്തെ പ്രതിരോധിച്ച ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സേന ഗ്രനേഡുകളും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മൂന്നു ഫലസ്തീനികള്‍ക്കു പരിക്കേറ്റിട്ടുണെ്ടന്നാണു പ്രാഥമിക വിവരം.
ജൂതന്‍മാരുടെ പുതുവര്‍ഷാരംഭമായ റോഷ് ഹഷാന ചടങ്ങുകള്‍ ആരംഭിക്കാനിരിക്കേയായിരുന്നു ഇസ്രായേല്‍ സേനയുടെ പ്രകോപനപരമായ നടപടി. 80ഓളം വരുന്ന സൈന്യവും പോലിസും ചേര്‍ന്നു വോളന്റിയര്‍മാരെ മറികടന്ന് മസ്ജിദ് വളപ്പിലേക്കു പ്രവേശിക്കുകയായിരുന്നുവെന്ന് അല്‍ അഖ്‌സ മസ്ജിദ് മാനേജര്‍ ഉമര്‍ ഖിസ്വാനി അല്‍ജസീറയോടു പറഞ്ഞു. പള്ളിക്കുള്ളില്‍ പ്രവേശിച്ച സൈന്യം ഭിത്തികള്‍ക്കു കേടുപാട് വരുത്തുകയും മുസല്ലകള്‍ക്കു തീയിടുകയും ചെയ്തു. മസ്ജിദിന്റെ പ്രവേശനകവാടം അടച്ചതിനുശേഷമായിരുന്നു സൈന്യത്തിന്റെ നടപടി.
സംഭവമറിഞ്ഞു മസ്ജിദിനു പുറത്തു പ്രതിഷേധിക്കാനെത്തിയ സ്ത്രീകള്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും നേരെയാണ് സൈന്യം ഗ്രനേഡുകളും കണ്ണീര്‍വാതകവും പ്രയോഗിച്ചത്.
എന്നാല്‍, മുഖംമൂടിധാരികളായ ഫലസ്തീനികള്‍ ഇസ്രായേല്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞതിനാലാണു മസ്ജിദിനുള്ളില്‍ കടന്നതെന്നാണ് ഇസ്രായേലിന്റെ വാദം. മസ്ജിദിനുള്ളില്‍ ഫലസ്തീനികള്‍ ആയുധങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും 20 മിനിറ്റ് നേരമെടുത്താണു സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്നും ഇസ്രായേല്‍ പോലിസ് വക്താവ് മിക്കി റോസന്‍ ഫെല്‍ഡ് പ്രതികരിച്ചു.
സംഭവത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു. വിശ്വാസത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഇസ്രായേലിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു പ്രസിഡന്റിന്റെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മസ്ജിദുല്‍ അഖ്‌സയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുനാളുകളായി നിരന്തരം ഇസ്രായേല്‍ സൈന്യം പ്രകോപനം സൃഷ്ടിച്ചുവരുകയാണ്. ഈ മാസം ആദ്യം പള്ളിവളപ്പില്‍ കടന്ന ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ വനിതകളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.
Next Story

RELATED STORIES

Share it