Flash News

സൈന്യം പ്രതിഷേധക്കാരുടെ മുകളിലൂടെ വാഹനം കയറ്റിയിറക്കി; യുവാവ് മരിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സിആര്‍പിഎഫ് വാഹനം പ്രതിഷേധക്കാരിലേക്ക് ഓടിച്ചുകയറ്റിയതു മൂലം ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചതിനെ തുടര്‍ന്ന് താഴ്‌വരയില്‍ സംഘര്‍ഷം. 21കാരനായ കൈസര്‍ ഭട്ടാണ് വെള്ളിയാഴ്ച അര്‍ധരാത്രി ആശുപത്രിയില്‍ മരിച്ചത്. ശ്രീനഗറിലെ നൗഹാട്ട മേഖലയില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് സൈന്യം ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ മറ്റു രണ്ടുപേരെ സൗരയിലെ എസ്‌കെഐഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സിആര്‍പിഎഫ് ഡ്രൈവര്‍ക്കെതിരേയും വാഹനത്തിനു നേരെ കല്ലെറിഞ്ഞവര്‍ക്കെതിരേയും കേസെടുത്തു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗര്‍, ബുദ്ഗം ജില്ലകളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ്, കുല്‍ഗം, പുല്‍വാമ, ഷോപിയാന്‍ ജില്ലകളില്‍ മൊബൈല്‍ സേവനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. ദക്ഷിണ കശ്മീരില്‍ 3ജി, 4ജി സേവനങ്ങള്‍ക്കു വിലക്കു—ണ്ടെങ്കിലും 2ജി സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടുകാരെ സൈന്യം കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കശ്മീര്‍ സംഘടനകള്‍ ശനിയാഴ്ച ബന്ദ് ആചരിച്ചു. സംസ്ഥാനത്ത് മിക്ക കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. തീവണ്ടിഗതാഗതം നിര്‍ത്തിവച്ചു. ശ്രീനഗറില്‍ ഏഴു പോലിസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
അതേസമയം, കൈസര്‍ ഭട്ടിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ ജനാസയെ അനുഗമിച്ചവരും സുരക്ഷാസേനയും ഏറ്റുമുട്ടി. ഈദ്ഗാഹ് മൈതാനത്തേക്കു പോവുകയായിരുന്ന വിലാപയാത്ര ഫത്തേകൗലില്‍ സുരക്ഷാസേന തടയാന്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. പ്രതിഷേധക്കാര്‍ സുരക്ഷാസേനയ്ക്കു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേന കണ്ണീര്‍വാതകവും പെല്ലറ്റുകളും പ്രയോഗിച്ചു. പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു.
മേഖലയിലെ സമാധാനം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സന്ദര്‍ശനം നടത്താനിരിക്കെയാണ് കശ്മീര്‍ വീണ്ടും അശാന്തമായത്. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഇറക്കി മടങ്ങിവരുന്നതിനിടെയാണ് ദാരുണസംഭവം. വാഹനം തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാരുടെ മേല്‍ സൈന്യം വാഹനം കയറ്റിയിറക്കുകയായിരുന്നു. റമദാനും അമര്‍നാഥ് തീര്‍ത്ഥാടനവും പ്രമാണിച്ച് കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നീക്കങ്ങള്‍ക്കു മങ്ങലേല്‍പ്പിക്കുന്നതാണ് സൈനികരുടെ നടപടി.








Next Story

RELATED STORIES

Share it